മോഡി സര്‍ക്കാരിനെ വെല്ലുവിളിച്ച് ചൈനയുമായി കൂട്ടുകൂടാന്‍ കേരളം

0
1391

മോഡി സര്‍ക്കാരിന്റെ നിലപാടുകളോട് എപ്പോഴും എതിര്‍ത്തുനില്‍ക്കുന്ന കേരളത്തിലെ ഇടത് മുന്നണി സര്‍ക്കാര്‍, പാകിസ്ഥാന്‍ ബന്ധത്തിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന ചൈനയുമായി സഹകരണത്തിനൊരുങ്ങുന്നത് രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. ഭവന നിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മ്മാണം, കൃഷി എന്നീ നാലു മേഖലകളിലാണ് ചൈനയുമായി സഹകരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഏകദേശ ധാരണയായിക്കഴിഞ്ഞു. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി മുഖ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനത്തിലെത്തുക.

ബെല്‍റ്റ് ആന്‍ഡ് റോഡ് പ്രോജക്ടിനുവേണ്ടി ചൈന വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍നിന്നും വിട്ടുനിന്ന ഇക്കാര്യത്തില്‍ മാത്രമല്ല ചൈനയുമായി തങ്ങള്‍ക്കുള്ള അകല്‍ച്ച വെളിപ്പെടുത്തുകകൂടിയാണ് ചെയ്തത്. കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം ഓര്‍ഡിനന്‍സ് പാസാക്കിയതിനെതിരേയും കേരളത്തിലാണ് ഏറ്റവും ശക്തമായ പ്രതിഷേധം ഉണ്ടായത്. ഇങ്ങനെ കേന്ദ്ര സര്‍ക്കാരുമായി ഓരോ വിഷയത്തിലും പൊരുതി നില്‍ക്കുന്ന കേരളം ചൈനയുമായി സഹകരിക്കാന്‍ പോകുന്നതിന് വിവിധ തലങ്ങളുണ്ട്.

കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണക്ക് ഇവിടെ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസിഡറുടെ നിര്‍ദേശം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായും അവര്‍ ചൈനയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനും കഴിയില്ല. വികസന കാര്യങ്ങളില്‍ കേരളത്തെ കേന്ദ്ര കാര്യമായി പരിഗണിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തിനെതിരേ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയും മോഡി സര്‍ക്കാരിനുണ്ട്.

കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനായി ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയ ദിവസം തന്നെയാണ് ചൈനീസ് പ്രതിനിധിയുമായി പിണറായി കൂടിക്കാഴ്ച നടത്തിയത്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചക്ക് വികസന താല്‍പര്യങ്ങള്‍ക്കു പുറമേ രാഷ്ട്രീയ താല്‍പര്യവും ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു.