വോട്ടിങ് യന്ത്രത്തിൽ എല്ലാവര്‍ക്കും വിശ്വാസം; സിപിഎമ്മും എൻസിപിയും തലകുലുക്കി

0
113

വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ കഴിയുമെന്ന രാഷ്ട്രീയ പാർട്ടികളുടെ വെല്ലുവിളിയിൽ തിരഞ്ഞെടുപ്പു കമ്മിഷന് തന്നെ വിജയം. ശനിയാഴ്ച രാവിലെ പത്തുമണിക്കു നടന്ന ഇവിഎം ചലഞ്ചിൽ പങ്കെടുത്ത രണ്ടു രാഷ്ട്രീയ പാർട്ടികളും വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമതയിൽ വിശ്വാസം പ്രകടിച്ചു. സിപിഎമ്മും എൻസിപിയും മാത്രമാണ് ചലഞ്ചിൽ പങ്കെടുക്കാനുണ്ടായിരുന്നത്.

”ചലഞ്ചിനെത്തിയ സിപിഎം പാർട്ടി വോട്ടിങ് യന്ത്രത്തിൽ മോക് പോൾ ആണ് നടത്തിയത്. അവർ യന്ത്രങ്ങളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ചു. എന്നാൽ എൻസിപി അംഗങ്ങൾ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനുമാണ് എത്തിയത്”- ഇവിഎം ചലഞ്ചിനു ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

പല രാഷ്ട്രീയ പാർട്ടികൾ നേരത്തേ നടന്ന ചില തിരഞ്ഞെടുപ്പുകളിൽ തിരിമറി ആരോപിച്ച സാഹചര്യത്തിലാണ് അതു തെളിയിക്കാൻ കമ്മിഷൻ വെല്ലുവിളിച്ചത്. എല്ലാ പാർട്ടികൾക്കും അവസരം ലഭ്യമായിരുന്നു. എന്നാൽ വെല്ലുവിളി സ്വീകരിക്കാൻ തയാറായത് എൻസിപിയും സിപിഎമ്മും മാത്രമാണ്.കമ്മിഷൻ, പാർട്ടി പ്രതിനിധികൾ, വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവിഎം ചലഞ്ച് നടന്നത്. ഈ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.