സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 14 മുതൽ

0
151

കേരളത്തിൽ ജൂൺ 14 മുതൽ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കൽ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇതിനായി ജില്ലാ കളക്ടർമാർ പ്രത്യേക യോഗം വിളിക്കണം. കടൽരക്ഷാ പ്രവർത്തനത്തിനായി ഇത്തവണ 17 പ്രത്യേക ബോട്ടുകൾ വിവിധ സ്ഥലങ്ങളിലായി ഏർപ്പെടുത്തിയിട്ടുണ്ട്. ഏറെനാളത്തെ ആവശ്യമായ മറൈൻ ആംബുലൻസ് യാഥാർത്ഥ്യമാകാനൊരുങ്ങുകയാണ്. ആംബുലൻസ് നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി കൊച്ചിൻ ഷിപ്പ്യാർഡിന് നൽകിക്കഴിഞ്ഞു. മറൈൻ സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളിലെ മിടുക്കരെ ലൈഫ് ഗാർഡുമാരായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന ബോട്ടുകൾ ഏകീകൃത കളർ കർശനമായി ഉപയോഗിക്കണം. സുരക്ഷയ്ക്കായി 1554, 1093 ടോൾഫ്രീ നമ്പരുകൾ പ്രയോജനപ്പെടുത്തണം. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് നിയമനിർമ്മാണത്തിലൂടെ തടയുമെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് ഡയറക്ടർ എസ്. കാർത്തികേയൻ, ജില്ലാ കളക്ടർമാരായ മിത്ര ടി., എൻ. വീണ, യു. വി. ജോസ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.