അതിമോഹം ആണ് അമിത് ഷാ അതിമോഹമെന്ന് രമേശ്‌ ചെന്നിത്തല

0
99

രാജ്യത്ത് ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിക്കുകയും സംഘർഷം വിതക്കുകയും ചെയ്യുന്ന ബി.ജെ.പിയെ അതേ തന്ത്രത്തിലൂടെ കേരളത്തിലും വളർത്തിയെടുക്കാമെന്ന അമിത്ഷായുടെ മോഹം അതിമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ ദയനീയമായ വീഴ്ചയോടെ ആത്മിവിശ്വാസം നഷ്ടപ്പെട്ട കേരളത്തിലെ ബി.ജെ.പിക്കാരെ തട്ടി ഉണർത്താനുള്ള പാഴ്ശ്രമമാണ് അമിത്ഷാ നടത്തിയത്. രണ്ട് ലക്ഷം വോട്ട് സമാഹരിക്കാമെന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് രംഗത്ത് വിഷം കലക്കിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറത്തെ വോട്ടർമാർ നൽകിയത്.

ലക്ഷ്യം വച്ചതിൻറെ പകുതി പോലും നേടാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. കേരളം എന്താണ് ചിന്തിക്കുന്നത് എന്നതിൻറെ സൂചനയാണ് മലപ്പുറം നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങളെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി അമിത് ഷാ വന്നിരിക്കുന്നത്. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്ത ശേഷം ഇവിടെ വന്ന് ന്യൂനപക്ഷങ്ങളോട് പ്രേമം നടിച്ചാൽ അത് ഇവിടത്തെ ജനങ്ങൾ തിരിച്ചറിയില്ലെന്നാണോ അമിഷാ കരുതുന്നത്? മതമേലധ്യക്ഷന്മാരെ പോയി കണ്ടതു കൊണ്ട് മാത്രം ബി.ജെ.പി യുടെ വർഗ്ഗീയ വിഷത്തിൻറെ കട്ടി കുറയാൻ പോകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ആട്ടിൻ തോലിട്ട് വന്നാലും ചെന്നായയെ തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾങ്ങൾക്കുണ്ടെന്ന കാര്യം അമിത്ഷാ മറക്കണ്ട. വ്യാമോഹങ്ങളിൽ കുടുങ്ങി ബി.ജെ.പിയോടൊപ്പം കൂടിയവർ കൈകാലിട്ടടിക്കുകയാണിപ്പോൾ. എൻ.ഡി.എ മുന്നണി കേരളത്തിൽ ഇനിയും യാഥാർത്ഥ്യമായിട്ടില്ല. അത് യാഥാർത്ഥ്യമാകാൻ പോകുന്നുമില്ല. മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ആഴത്തിൽ വേരോട്ടമുള്ള കേരളീയ സമൂഹത്തിന് ബി.ജെ.പിയുടെ അപകടകരമായ തന്ത്രങ്ങൾ തിരിച്ചറിയാനുള്ള വിവേകമുണ്ട്. ഇത് ഗുജറാത്തല്ലെന്ന് അമിത്ഷാ തിരിച്ചറിയണം. അദ്ദേഹത്തിൻറെ തന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ സ്വപ്നം എന്നന്നേക്കുമായി പൊലിയുമെന്നും ചെന്നിത്തല പറഞ്ഞു.