പാറ്റ്ന: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവെച്ച്. വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയിലെ പപ്പു എന്ന തൊഴിലാളിയാണ് അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ചത്.
രോഗബാധിതയായ പപ്പുവിന്റെ അമ്മ സൂശീല ദേവി പൂര്‍ണിയ സദര്‍ ജില്ലആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച്ചയാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചപ്പോള്‍ തനിയെ കണ്ടെത്തിക്കോളാനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് പപ്പുവിന്റെ അച്ഛനും സുശീലയുടെ ഭര്‍ത്താവുമായ ശങ്കര്‍ ഷാ പറഞ്ഞു.ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി വാന്‍ ഉപയോഗശൂന്യമാണെന്ന് സിവില്‍ സര്ജന് എംഎം വസീം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൂര്‍ണിയ ജില്ലാ മജിസ്ട്രേറ്റ് പങ്കജ് കുമാര്‍ പാല് പറഞ്ഞു.