
നവീന രൂപം കൈവരിച്ച ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഗരിമയും മാരോട് ചേര്‍ത്തു റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരായി. റയലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിശീലകന് സിദാനും ഒക്കെ ചാമ്പ്യന്‍സ് ലീഗ് റെക്കോഡ് പുസ്തകത്തില്‍ ഇടം ;പിടിച്ച മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ് ജയിച്ചു കയറിയത്. ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (20, 64) മുന്നിൽനിന്നു നയിച്ച മൽസരത്തിൽ കാസമിറോ (64), അസൻസിയോ (90) എന്നിവരും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു.യുവന്റസിന്റെ ആശ്വാസഗോൾ മരിയോ മാൻസൂക്കിച്ച് (27) നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
ചാംപ്യൻസ് ലീഗ് യുഗത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായാണ് റയൽ മഡ്രിഡിന്റെ കിരീട വിജയം. കഴിഞ്ഞ നാലു സീസണിനിടെ മൂന്നാം ഫൈനലിനിറങ്ങിയ റയൽ പതിവു തെറ്റിക്കാതെ ഇത്തവണയും കിരീടം സ്വന്തം പേരിലെഴുതി. 2014ലും 2016ലും അയൽക്കാരായ അത്ലറ്റിക്കോയെ തോൽപിച്ചാണ് റയൽ ജേതാക്കളായത്. ക്രിസ്റ്റ്യാനോയിലൂടെ മൽസരത്തിലെ ആദ്യഗോൾ നേടിയ റയൽ, ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ അഞ്ഞൂറു ഗോൾ നേടുന്ന ആദ്യ ടീം എന്ന നേട്ടവും സ്വന്തമാക്കി. അരിഗോ സാച്ചിക്ക് ശേഷം കിരീടം നിലനിര്‍ത്തുന്ന സംഘത്തെ പരിശീലിപ്പിച്ചുവെന്ന നേട്ടം സിനദീന്‍ സിദാനും സ്വന്തമാക്കി.
സ്കോർ നില സൂചിപ്പിക്കുന്നതുപോലെ അത്ര ഏകപക്ഷീയമായിരുന്നില്ല റയൽ യുവന്റസ് പോരാട്ടം. യുവന്റസ് പ്രതിരോധവും റയൽ ആക്രമണ നിരയും തമ്മിലുള്ള മൽസരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോരാട്ടത്തിൽ, പൊരുതിത്തന്നെയാണ് യുവന്റസ് കീഴടങ്ങിയത്. നിലവിലെ ചാംപ്യൻമാരെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയതെന്ന് യുവന്റസിന് ആശ്വസിക്കാമെന്ന് ചുരുക്കം. ആക്രമണവും പ്രത്യാക്രമണവുമായി കളി തുടങ്ങിയെങ്കിലും 20-ാം മിനിറ്റിൽ ബോക്സിൽ നിന്നും ലഭിച്ച പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ സെക്കൻഡ് പോസ്റ്റിലെത്തിച്ചതോടെ യുവന്റിസിന്റെ മേൽ റയലിന്റെ ആദ്യ പ്രഹരം വന്നു.
ഗോൾ തിരിച്ചടിക്കണമെന്ന വീറോടെ കളിച്ച യുവന്റസ് 27-ാം മിനിറ്റിൽ ഗോൾ മടക്കി. ബോക്സിൽ നിന്നും ലഭിച്ച പന്ത് മാൻസൂകിച്ചിന്റെ ബൈസിക്കിൾ കിക്കിലൂടെ റയൽ ഗോൾ കീപ്പർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല.രണ്ടാം പകുതി തുടങ്ങി 61-ാം മിനിറ്റിൽ കാസാമിറോയുടെ ലോങ്ങ് റേഞ്ചിൽ നിന്നായിരുന്നു റയലിന്റെ രണ്ടാമത്തെ ഗോൾ. റീ ബോണ്ട് വന്ന പന്തിനെ അനായാസം കാസാമിറോ വലയിലെത്തിച്ചു. 64-ാം മിനിറ്റിൽ ലൂക്കാ മോദ്രിച് നൽകിയ പാസ് സുന്ദരമായി ക്രിസ്റ്റ്യാനോ വലയിലെത്തിച്ച് കളിയില്‍ ഡബിള്‍ തികച്ചു.85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അസൻസിയോ കൂടി ഗോൾ നേടിയതോടെ യുവന്റിസിന്റെ ശവപ്പെട്ടിയിൽ അവസനാത്തെ ആണിയും അടിച്ച് റയൽ രാജാക്കൻമാരായി. ഗോൾ മടക്കാനായി യുവന്റസ് താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.
ഇത് പന്ത്രണ്ടാം തവണയാണ് സ്പാനിഷ് ക്ലബ്ബായ റയൽ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുന്നത്. തുടർച്ചയായി രണ്ടാം തവണയും. മത്സരത്തിലെ ഗോളോടെ ക്രിസ്റ്റ്യാനോ കരിയറിൽ 600 ഗോളുകൾ തികച്ചു. മൂന്ന് വ്യത്യസ്ത ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടുന്ന താരമായും ക്രിസ്റ്റ്യാനോ മാറി. 1990-ന് ശേഷം ആദ്യമായാണ് ഒരു ടീം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്നത്. അതേസമയം, റയൽ കിരീടം നേടിയതോടെ അവരുടെ സൂപ്പർതാരം റൊണാൾഡോയ്ക്ക് മറ്റൊരു വലിയ നേട്ടത്തിലേക്ക് ഇനി കണ്ണു വയ്ക്കാം- ലോക ഫുട്ബോളർക്കുള്ള ബാലന് ഡി ഓര് പട്ടം. സ്പാനിഷ് ലീഗിന് പിന്നാലെ ചാംപ്യൻസ് ലീഗും ടീമിനു സമ്മാനിച്ച റയൽ പരിശീലകൻ സിനദീൻ സിദാനും സീസൺ സ്വപ്നസമാനമായി.