എറണാകുളം പറവൂരിനടുത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം

0
98

എറണാകുളം പറവൂരിനടുത്ത് പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തുരുത്തൂർ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകൻ മെൽബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകൻ ആരോൺ(രണ്ട് വയസ്സ്), എന്നിവരാണ് മരിച്ചത്.

ഇന്നലെ അർധരാത്രിയാണ് സംഭവം. കണക്കൻകടവിനടുത്ത് പമ്പ് ഹൗസ്-ആലമറ്റം റോഡിൽ ചിറയ്ക്കൽ തോട്ടിലേക്കാണ് കാർ മറിഞ്ഞത്. മെൽബിനാണ് കാർ ഓടിച്ചിരുന്നത്. സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലത്തുവച്ചാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്.

മേരിയുടെ സഹോദരന്റെ മകന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിനായി പോയി മടങ്ങുംവഴിയാണ് അപകടം. ചില്ല് പൊട്ടിച്ചാണ് മെൽബിൻ പുറത്തിറങ്ങിയത്. മൂന്നുപേരെയും രക്ഷപെടുത്താൻ മെൽബിൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വിജനമായ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം വൈകി. ജെസിബി ഉപയോഗിച്ച് കാർ ഉയർത്തിയ ശേഷം നടത്തിയ തിരച്ചിലിൽ പുലർച്ചെയാണ് ആരോണിന്റെ മൃതദേഹം കണ്ടെടുത്തത്. മൂന്നു മൃതദേഹങ്ങളും ചാലാക്ക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.