കശാപ്പ് നിരോധനം, മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാട് എന്നീ സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളിലുള്ള ചോദ്യങ്ങൾ ഭയന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരുവനന്തപുരത്തെ വാർത്താസമ്മേളനം റദ്ദാക്കി. ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഗ്രൂപ്പുപോര് സംബന്ധിച്ച പ്രശ്നങ്ങളിൽ പരിഹാരമാകാഞ്ഞതും മാധ്യമപ്രവർത്തകരെ കാണാൻ അമിത് ഷായെ പിന്തിരിപ്പിക്കാൻ കാരണം.
ദേശീയ അധ്യക്ഷൻ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഗ്രൂപ്പുപോരിന് പരിഹാരമായിരുന്നില്ല. ഗ്രൂപ്പുതർക്കം പരിഹരിക്കാനുള്ള വേദിയല്ല, അടുത്തുനടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നേടാൻവേണ്ടിയാണ് ഇത്തരം യോഗങ്ങളെന്നും അമിത് ഷാ ഇരുവിഭാഗത്തിനും താക്കീത് നൽകിയിരുന്നു. രണ്ടു ദിവസമായി സംസ്ഥാനത്ത് തമ്പടിക്കുന്ന അമിത് ഷാ ജില്ല, സംസ്ഥാന നേതാക്കളെ മാറിമാറി ചർച്ചയ്ക്കുവിളിച്ചിട്ടും ഗ്രൂപ്പുതർക്കത്തിന് പരിഹാരമായില്ല. അതിനിടെ ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പി പി മുകുന്ദന്റെ പരാമർശവും നേതൃത്വത്തിന് കല്ലുകടിയായിട്ടുണ്ട്. മാരാർജി ട്രസ്റ്റ് അംഗങ്ങളിൽ ക്ഷണിക്കപെടാത്ത ഏക അംഗവും പി പി മുകുന്ദനാണ്. ഇത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുകുന്ദൻ കത്ത് നൽകുകയും ചെയ്യുന്നു.
രാജ്യം ചർച്ച ചെയ്യുന്ന കശാപ്പ് നിരോധനം അടക്കമുള്ള വിഷയങ്ങളിൽ മൂന്നുദിവസത്തെ കേരള സന്ദർശനത്തിനിടെ ഒരു വാക്കുപോലും അമിത് ഷാ പ്രതികരിച്ചിട്ടില്ല. കേരള സന്ദർശനത്തിന്റെ അവസാന ദിനത്തിൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.കേന്ദ്ര ഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ഇരുവിഭാഗങ്ങളുടെ ആരോപണവും ബിജെപി അധ്യക്ഷനെ വെട്ടിലാക്കി.