ഗൗതമിന്റെ മരണം; ഞെട്ടലിൽ തെള്ളകം; ഗൗതമിനെ കൊന്നതോ? പക്ഷെ എന്തിനു വേണ്ടി?

0
125

കാരിത്താസ് റെയില്‍വേ ട്രാക്കിനുസമീപം യുവാവിനെ കഴുത്തറുത്ത് കൊന്നുതള്ളിയെന്നവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പരന്നത്. അറിഞ്ഞവര്‍ സ്ഥലത്തേയ്ക്ക് ഓടിയെത്തി. പാളം ഉറപ്പിക്കുന്ന കരിങ്കല്‍ കുറ്റിയില്‍ പറ്റിക്കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സമീപംതന്നെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഒരുകാറും കണ്ടെത്തി. തെള്ളകം ഭാഗത്ത് ഗര്‍ഭിണിയായ യുവതിയെ കൊന്നു ചാക്കില്‍കെട്ടി റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് ഈ സംഭവവും. റെയില്‍വേഗേറ്റിനു ചേര്‍ന്നുതന്നെയാണ് മൃതദേഹം കണ്ടത് എന്നതിനാല്‍ പുലര്‍ച്ചെ കടന്നുപോയ ഏതോ തീവണ്ടിയാണ് തട്ടിയതെന്ന നിഗമനവുമുണ്ടായി. പോലീസ് മഴയത്ത് തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമൊരുക്കി.

തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ (28)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ആറിന് കാരിത്താസ് റെയില്‍വേ ക്രോസിനോട്്് ചേര്‍ന്ന്്് കണ്ടത്.
എന്നാൽ മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന കാര്യത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായ സൂചനകൾ ഇത് വരെ ലഭിച്ചിട്ടില്ല . വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാടിലാണു പൊലീസ്. തിരുവനന്തപുരം ടെക്നോപാർക്കിലെ വ്യവസായിയായിരുന്നു ഗൗതം.

ഗൗതം യാത്ര ചെയ്തിരുന്ന കാർ കാരിത്താസ് കവലയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ ട്രെയിൻ തട്ടിയതിന്റെ പരുക്കുകൾ കൂടാതെ കഴുത്തിന്റെ ഇരുവശത്തും മുറിവുണ്ട്. ഇതാണ് സംശയത്തിന് കാരണം. കാറിനുള്ളിലും രക്തം കണ്ടെത്തി. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി രക്തംപുരണ്ട നിലയിൽ കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ആത്മഹത്യാവാദം അംഗീകരിക്കാനാവില്ലെന്ന നിലപാട് അന്വേഷണം ഉദ്യോഗസ്ഥർ തന്നെയുണ്ട്. കഴുത്തിലെ മുറിവ് മരണകാരണമാകാവുന്നവിധം മാരകമല്ലെന്നും കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചശേഷം പരാജയപ്പെട്ടതോടെ കാറിൽ നിന്ന് റെയിൽവേ ട്രാക്കുവരെ നടന്നെത്തി ട്രെയിനിനു മുന്നിൽ ചാടിയതാണെന്നും പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതാണ് ഇതിന് കാരണം.
ആന്തരികമായി ശരീരത്തിനേറ്റ ക്ഷതങ്ങളും രക്തംവാർന്നു പോയതുമാണ് ഗൗതമിന്റെ മരണകാരണമെന്നാണ് മൃതദേഹപരിശോധനയുടെ അടിസ്ഥാനത്തിൽ പ്രാഥമിക നിഗമനം. യുവാവിന്റെ നട്ടെല്ല് തകർന്നു. വാരിയെല്ലുകൾ ഒടിഞ്ഞു. കരൾ തകർന്നു. ഇത് തീവണ്ടി തട്ടിയതിനെത്തുടർന്നുണ്ടായതാണെന്നാണ് കരുതുന്നത്.

അതിനിടെ ഗൗതമിന് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലായിരുന്നെന്ന് പിതാവ് വിജയകുമാർ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഗൗതം പുറത്തുപോയത്. എട്ടുമണിയോടെ വീട്ടിലേക്ക് ഫോണിൽ വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരണോ എന്ന് ചോദിച്ചിരുന്നു. കൂട്ടുകാർ ഒപ്പമുണ്ടെന്നും ഗൗതം അറിയിച്ചതായി വിജയകുമാർ പറഞ്ഞു. രാത്രി പത്തായിട്ടും മകനെ കാണാതിരുന്നതിനെ തുടർന്ന് പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ച് നിൽക്കുകയായിരുന്നു. 11ന് വീണ്ടും വിളിച്ചപ്പോൾ ഫോൺ പരിധിയിൽ അല്ലായിരുന്നു. കൂട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോൾ രാത്രി എട്ടുമണിയോടെ കെഎസ്ആർടിസി ഭാഗത്തുവച്ച് ഗൗതം യാത്രപറഞ്ഞു പോയതായി അറിയിച്ചു. പുലർച്ചെ വിജയകുമാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് റെയിൽവേ ഗാർഡിന്റെ മൊഴി.

പുലർച്ചെ ട്രാക്ക് പരിശോധിക്കാൻ എത്തിയ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പുലർച്ചെ കടന്നുപോയ ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാരുടെയും വിവരങ്ങളും റെയിൽവേ പൊലീസ് ശേഖരിച്ചു. ടെക്‌നോപാർക്കിൽ സ്വന്തമായി ബിസനസ് നടത്തിവരുന്ന ഗൗതമിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വാദമുണ്ട്. ഇതിനെ ചൊല്ലി രാത്രിയിൽ ബഹളം ഉണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പറയപ്പെടുന്നു. പിതാവ് വിജയകുമാറിന് ധനാഢ്യനായതിനാൽ അത്തരമൊരു പ്രശ്‌നം ഉണ്ടാകാൻ ഇടയില്ലെന്ന് ഒരു വിഭാഗം നാട്ടുകാർ പറയുന്നു. തിരുവാതുക്കൽ പ്രദേശത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗൗതമിന്റെ മരണം.
ഗൗതം അവിവാഹിതനാണ്.ഏക സഹോദരി ഗായത്രി (യുഎസ്എ യിലാണ് .