ജമ്മു-കശ്​മീരിനെ ‘ഇന്ത്യ അധിനിവേശ കശ്​മീരാക്കി’, പുലിവാല്‍ പിടിച്ച് കോൺഗ്രസ്​

0
111

ഇന്ത്യന്‍ ഭൂപടത്തിൽ ജമ്മു-കശ്​മീർ സംസ്​ഥാനത്തെ ‘ഇന്ത്യ അധിനിവേശ കശ്​മീർ’ എന്ന്​ വിശേഷിപ്പിച്ച്​ കോൺഗ്രസ്​ പൊല്ലാപ്പ്​ പിടിച്ചു. ഉത്തർപ്രദേശിൽ പാർട്ടി പുറത്തിറക്കിയ 16 പേജുള്ള ലഘുലേഖയിലാണ്​ കശ്​മീർ സംസ്​ഥാനത്തെപ്പറ്റി പറയുന്നിടത്തെല്ലാം ‘ഇന്ത്യ അധിനിവേശ കശ്​മീർ’ എന്ന തെറ്റായ വിശേഷണമുള്ളത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുവർഷത്തെ ഭരണനടപടികളെ വിമർശിക്കുന്ന ലഘുലേഖയിലാണ്​ പാർട്ടിയുടെ യു.പി ​ ഘടകത്തിന്​ ​വൻ അബദ്ധം പിണഞ്ഞത്​. മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഗുലാംനബി ആസാദാണ്​ ലഘുലേഖ പ്രകാശനം ചെയ്​തത്​. സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, അവർ പാകിസ്​താനൊപ്പമാണോ അതോ ഇന്ത്യക്കൊപ്പമാണോയെന്ന്​ വ്യക്​തമാക്കണമെന്ന്​ ആവശ്യപ്പെട്ടു.

കശ്​മീരിനെ ഇന്ത്യൻഅധിനിവേശ കശ്​മീർ എന്ന്​ വിശേഷിപ്പിച്ചതിലൂടെ പാകിസ്​താ​െൻറ സ്വരത്തിലാണ്​ കോൺഗ്രസ്​ സംസാരിക്കുന്നതെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ ആരോപിച്ചു. അതിനിടെ ലഘുലേഖയിൽ അച്ചടിത്തെറ്റാണ്​ സംഭവിച്ചതെന്നും അതിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നതായും കോൺഗ്രസ്​​ നേതാവ്​ അജയ്​ മാക്കൻ അറിയിച്ചു. നേര​േത്ത ബി.ജെ.പിക്ക്​ ഇതേ തെറ്റ്​ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ,  ഇതുവരെ അവർ അത്​ തിരുത്താൻ തയാറായിട്ടില്ലെന്നും അജയ്​ മാക്കൻ പറഞ്ഞു. ‘ഇന്ത്യ അധിനിവേശകശ്​മീർ’ ശനിയാഴ്​ച രാത്രി ട്വിറ്ററിൽ ട്രെൻഡാവുകയും ചെയ്​തു.