അമിത് ഷാ മടങ്ങുന്നത് സംസ്ഥാനത്തെ തമ്മിലടി തീർക്കാനാകാതെ

0
147

ദേശീയ അധ്യക്ഷൻ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഗ്രൂപ്പുപോരിന് പരിഹാരമായില്ല. ഗ്രൂപ്പുതർക്കം പരിഹരിക്കാനുള്ള വേദിയല്ല, അടുത്തുനടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നേടാൻവേണ്ടിയാണ് ഇത്തരം യോഗങ്ങളെന്നും അമിത് ഷാ ഇരുവിഭാഗത്തിനും താക്കീത് നൽകി. രണ്ടു ദിവസമായി സംസ്ഥാനത്ത് തമ്പടിക്കുന്ന അമിത് ഷാ ജില്ല, സംസ്ഥാന നേതാക്കളെ മാറിമാറി ചർച്ചയ്ക്കുവിളിച്ചിട്ടും ഗ്രൂപ്പുതർക്കത്തിന് പരിഹാരമായില്ല.

കേന്ദ്ര ഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണമാണ് ഇരുവിഭാഗവും പരസ്പരം ഉന്നയിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ചില മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ എൻഒസി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില നേതാക്കൾ പണം തരപ്പെടുത്തിയെന്ന ആരോപണം ബിജെപിക്കുള്ളിലുണ്ട്. ഇതിനെതിരെ കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും കത്തയക്കുകയും ചെയ്തിരുന്നു. ഈ തർക്കം മുൻനിർത്തിയുള്ള ചർച്ചയ്ക്ക് നേതാക്കൾ ശ്രമിച്ചപ്പോൾ അമിത് ഷാ ഇടപെട്ട് തടഞ്ഞു.

മുരളീധരപക്ഷത്തെ നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പക്ഷം ആവശ്യപ്പെട്ടത്. മുരളീധരപക്ഷത്തെ ഒരു പ്രമുഖനേതാവ് തലസ്ഥാനത്ത് നിർമിച്ച ആഡംബര വീടിനെക്കുറിച്ചും ദേശീയ സെക്രട്ടറിക്ക് മുന്നിൽ പരാതിപ്പെട്ടു.

ഞായറാഴ്ച അമിത് ഷാ തറക്കല്ലിടുന്ന സംസ്ഥാന കാര്യാലയ നിർമാണച്ചുമതലയെക്കുറിച്ചും തർക്കമുണ്ടായി.ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. വി മുരളീധരൻ ഉൾപ്പെടെയുള്ള മുൻ സംസ്ഥാന അധ്യക്ഷൻമാരെയും മറ്റു സംസ്ഥാന സെക്രട്ടറിമാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണ് കുമ്മനം ചുമതല രമേശിനു നൽകിയത്. എന്നാൽ, മെഡിക്കൽ കോളേജുകൾക്ക് എൻഎഒസി വാങ്ങി നൽകാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയത് രമേശ് പക്ഷക്കാരനായ നേതാവാണെന്ന് മറുപക്ഷക്കാർ ആരോപിക്കുന്നു. ഇവർ ഒത്തുചേർന്ന് കാര്യാലയ നിർമാണത്തിന്റെ പണം വെട്ടിക്കുമെന്നും ആക്ഷേപിച്ചു. വി മുരളീധരന് നിർമാണച്ചുമതല നൽകണമെന്നാണ് അനുയായികളുടെ ആവശ്യം.

ശനിയാഴ്ച പകൽ 11.30 മുതൽ വൈകിട്ട് ആറുവരെ തമ്പാനൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സംസ്ഥാന ഭാരവാഹികൾ, സംഘപരിവാർ നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പാർലമെന്റ് മണ്ഡലം ചുമതലക്കാർ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തി. ക്രൈസ്തവ മതാധ്യക്ഷൻമാരുമായി ബിഷപ് ഹൌസിലെത്തി ചർച്ച നടത്തി. രാത്രി എട്ടോടെ വീണ്ടും നേതാക്കളുമായി ചർച്ച നടത്തിയിട്ടും പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല.