തോക്കിൻ മുനയിലെ വിവാഹം – ബീഹാറിന്റെ പുതിയ വിവാഹസംസ്കാരം

0
237

ലക്ഷ്മി ബാല

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വാർത്തകൾ ഒരുപാട് നാം കേട്ടിട്ടുണ്ട്. പക്ഷെ ഇതിൽ നിന്നും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ്  ബീഹാറിൽ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത് . മറ്റിടങ്ങളിൽ തട്ടിക്കൊണ്ടു പോകപ്പെടുന്നത് പെൺകുട്ടികൾ ആണെങ്കിൽ, ആൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യിക്കുക എന്നതാണ് ബീഹാറിലെ പുതിയ ട്രെൻഡ്. പകട് വാ വിവാഹ് അഥവാ തട്ടിക്കൊണ്ടു പോയുള്ള വിവാഹം  എന്നറിയപ്പെടുന്ന ഇത്തരം വിവാഹങ്ങളുടെ നിയമവും വളരെ സിംപിൾ ആണ്. തങ്ങൾക്ക് യോജിക്കുന്ന ഒരു വരനെ കണ്ടുപിടിക്കുക. അയാളെ ലക്‌ഷ്യം വെച്ച് പിന്തുടർന്ന് തട്ടിക്കൊണ്ടു പോവുക, തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കുക. കേൾക്കുന്നവർക്ക് തമാശയായി തോന്നാമെങ്കിലും, കഴിഞ്ഞ വർഷം മാത്രം ഇത്തരം തട്ടിക്കൊണ്ടു പോകലുകളുടെ പേരിൽ സംസ്ഥാനത്ത്  രജിസ്റ്റർ ചെയ്യപ്പെട്ടത് മൂവായിരത്തിലധികം കേസുകളാണ്. ഈ വര്ഷം അഞ്ചു മാസം പിന്നിടുമ്പോഴേയ്ക്കും രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം എണ്ണൂറ് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മെയ് ഇരുപത്തിയഞ്ചിന് ഇത്തരത്തില്‍  ഒരു വിവാഹം   മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ വരനെ തട്ടിക്കൊണ്ടുപോവുകയും  തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിക്കുകയാണ് അന്ന്ചെ യ്തത്. എന്നാല്‍ പയ്യന്റെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു എങ്കിലും അവർ അന്വേഷിച്ചു കണ്ടെത്തും മുൻപേ വിവാഹം നടന്നിരുന്നു. വരന്റെ വീട്ടുകാരുടെ അനുവാദം ഇല്ലാതെ നടന്ന വിവാഹം അസാധു എന്ന് കാണിച്ച്, പയ്യനെയും കൊണ്ട് വീട്ടുകാരും പോലീസും തിരികെ പോരാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയും, പെൺകുട്ടിയുടെ വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് അവരെ തടയുകയും; വാക്കേറ്റം മൂത്തപ്പോൾ പെൺവീട്ടുകാർ പോലീസുകാർ അടക്കമുള്ളവരെ മർദ്ദിക്കുകയും ചെയ്തു. തിരിച്ചു പോയ പോലീസുകാർ കൂടുതൽ അംഗബലത്തോടെ തിരികെ വരികയും പെൺവീട്ടുകാരെയും അവർക്ക് വേണ്ടി വാദിച്ചവരെയും എല്ലാം തല്ലിച്ചതച്ചു. പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വധുവിന്  പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ഗായ്ഘട്ട് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഇൻ ചാർജ് രാജേഷ് ചൗധരിയെ  മുസാഫിർപൂർ പോലീസ് സീനിയർ സൂപ്പർ ഇണ്ടൻറ് വിവേക് കുമാർ സസ്‌പെൻഡ് ചെയ്യുകയും ഉണ്ടായി. പക്ഷെ സംഭവങ്ങള്‍ക്കെല്ലാം ഒടുവില്‍  നായികയായ ജൂലി എന്ന പെൺകുട്ടിയെ വരൻ അഭിനയ് സ്വീകരിക്കുകയും ചെയ്തു. ജൂലി തനിക്കു വേണ്ടി ഏറ്റു വാങ്ങിയ വേദനകളാണ് തന്റെ തീരുമാനത്തിന് കാരണം എന്നും അഭിനയ് പറഞ്ഞു.

പക്ഷെ ബീഹാറിൽ നിലനിൽക്കുന്ന സ്ത്രീധന വ്യവസ്ഥിതിയാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമെന്നും ആരോപണമുണ്ട്. ഇക്കാലത്തും പ്രാകൃത ഗോത്രരീതികൾ പിന്തുടരുന്ന ബീഹാറിലെ ഗ്രാമങ്ങളിൽ ഇപ്പോഴും സ്ഥിതിഗതികൾ പെൺകുട്ടികൾക്ക് എതിരാണ്. ഇതെല്ലാം കൊണ്ട് തന്നെ ബീഹാറിൽ പെൺഭ്രൂണ ഹത്യകളും വളരെ കൂടുതലാണ്. വിദ്യാഭ്യാസ രംഗത്തും, ജീവിതത്തിന്റെ മറ്റു മേഖലകളിലും എല്ലാം പെൺകുട്ടികൾക്ക് അവസരം നിഷേധിക്കപ്പെടുന്ന സംസ്ഥാനത്ത്, ഒരു പെൺകുട്ടിയെ വിവാഹം ചെയ്തയയ്ക്കുക എന്നതോ വീട്ടുകാരെ സംബന്ധിച്ച് വളരെ ചെലവേറിയ ഒരു സംഗതിയുമാകുന്നു. അതെ സമയം ആൺകുട്ടികളുടെ വീട്ടുകാർക്ക് കാശ് കൊയ്യാനുള്ള അവസരവുമാണ് വിവാഹങ്ങൾ. ഇത്തരമൊരു പരിതഃസ്ഥിതിയാണ് ദരിദ്രമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർ പുരുഷന്മാരെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ചു വിവാഹം ചെയ്യിക്കുന്നതിന് കാരണമായതെന്നാണ് വിലയിരുത്തൽ. ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, കുപ്രസിദ്ധ കുറ്റവാളികളുടെയും പോലും സഹായം ഇതിനായി പെൺകുട്ടികളുടെ വീട്ടുകാർ തേടാറുണ്ടത്രെ. ഇപ്പോൾ മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന ബീഹാർ കേഡർ IPS ഓഫിസർ ശിവദീപ്, ജാംലാപൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ബോഡി ഗാർഡിനെ പോലും ഇത്തരത്തിൽ ആളുകൾ തട്ടിക്കൊണ്ടു പോവുകയുണ്ടായി. പക്ഷെ തട്ടിക്കൊണ്ടു വന്നിരിക്കുന്ന ആളുടെ പോലീസ് ചുറ്റുപാടുകൾ അറിഞ്ഞതോടെ, അവർ തിരികെ വിടുകയും ചെയ്തു.

നിയമവിരുദ്ധമായി നടക്കുന്നതാണെങ്കിലും ഇത്തരം പല വിവാഹങ്ങളും അവസാനം യോജിപ്പിൽ എത്താറുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഭൂരിഭാഗം കേസുകളിലും പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടേണ്ടി വരാറുണ്ടെങ്കിലും, അവസാനം രണ്ടു വീട്ടുകാരും തമ്മിൽ തുക നിശ്ചയിച്ചുറപ്പിച്ചു സമവായത്തിൽ എത്തിച്ചേരുന്നു. ഇത്തരം വിവാഹങ്ങളുടെ അന്തിമഫലം ശുഭമായാലും, ഇല്ലെങ്കിലും ഡിജിറ്റൽ എന്നവകാശപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിനകത്ത് ഇത്രയും ശക്തമായി നിലകൊള്ളുന്ന സ്ത്രീവിരുദ്ധതയും, വിവാഹങ്ങൾക്കായി നടത്തപ്പെടുന്ന കുറ്റകൃത്യങ്ങളും തീർത്തും ലജ്‌ജാവാഹം തന്നെയാണ്.