നായ വഴിയിൽ മൂത്രമൊഴിച്ചു; ഉടമസ്ഥയ്ക്ക് പിഴ 23,500 രൂപ

0
91
സൂറിക്; നായ വഴിയിൽ മൂത്രമൊഴിച്ചപ്പോൾ ഉടമസ്‌ഥയ്ക്കു പിഴ അടിച്ചുകിട്ടിയത് 350 സ്വിസ്സ് ഫ്രാങ്ക് (23,500 രൂപ). നായ്ക്കളും സ്വിറ്റ്സർലൻഡ് സർക്കാരും കൂടി ഇങ്ങനെ തുടങ്ങിയാൽ പാപ്പരാകുമെന്ന അപകടം മുന്നിൽക്കണ്ടു നായ ഉടമസ്ഥർ ഒരുമിച്ചു. ജനീവയിൽ നായകളുമായി പ്രവിശ്യാ പാർലമെന്റിനു മുന്നിൽ ധർണ നടത്തിയ ഉടമകൾ, 5337 പേർ ഒപ്പിട്ട പരാതിയും സമർപ്പിച്ചിട്ടുണ്ട്.
ജനീവയിലെ നിയമപ്രകാരം പൊതുസ്‌ഥലത്തു നായ കാര്യം സാധിച്ചാൽ ഉടമസ്‌ഥർ തന്നെ അതു നീക്കംചെയ്യണം. ‘നിയമത്തിൽ നായ വിസർജ്യം എന്നത് കാഷ്‌ഠം എന്നു വ്യക്തത വരുത്തണം’– നായ ഉടമസ്‌ഥ സംഘം പ്രസിഡന്റ് മാനുവൽ അലോൺസോ യൂണിക പറഞ്ഞു.
മൂത്രമൊഴിച്ചു പ്രശ്‌നമുണ്ടാക്കിയ മിഷ്‌ക എന്ന നായയും പ്രതിഷേധത്തിന് എത്തിയിരുന്നു. ഒരനുഭവമുള്ളതു കൊണ്ടും നായയെ അത്ര വിശ്വാസമില്ലാത്തതു കൊണ്ടും ഉടമസ്ഥ കൊട്ടയിലാണു മിഷ്‌കയെ സ്‌ഥലത്തു എത്തിച്ചതും തിരികെ കൊണ്ടുപോയതും.