പത്താം ക്ലാസ്, +2 പരീക്ഷാ ഫലത്തിൽ നാണക്കേടിന്റെ ചരിത്രം കുറിച്ച് ജാർഖണ്ഡ്

0
452

ജാർഖണ്ഡിന് നാണക്കേടിന്റെ പുതുചരിത്രമാണ് ഇത്തവണത്തെ പത്താം ക്ലാസ്, പ്ലസ് റ്റു പരീക്ഷാ ഫലങ്ങൾ നൽകിയത്. സംസ്ഥാനത്തെ അറുപത്തിയാറു സ്‌കൂളുകളും, പ്ലസ് റ്റു വിദ്യാലയങ്ങളും ആണ് നൂറു ശതമാനം തോൽവി ഏറ്റു വാങ്ങിയത്. മേയ് 30 നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മേധാവി നീര യാദവ് ആണ് പരീക്ഷാഫലം പുറത്തുവിട്ടത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം മുപ്പത്തി മൂന്നു സ്‌കൂളുകൾ വീതമാണ് പത്താംക്ലാസ്സ് തലത്തിലും, പ്ലസ് റ്റു തലത്തിലും സമ്പൂർണ്ണ പരാജയം ഏറ്റു വാങ്ങിയത്.
ജാർഖണ്ഡ് അക്കാഡമിക് കൗൺസിൽ നൽകിയ വിവരങ്ങൾ പ്രകാരം പത്താം ക്‌ളാസ് പരീക്ഷ എഴുതിയവരിൽ 57.9 % പേരും, ഇന്റർ സയൻസ് വിദ്യാർത്ഥികളിൽ 52.36 % പേരും, ഇന്റർ കൊമേഴ്‌സ് വിദ്യാർത്ഥികളിൽ 60.09 പേരുമാണ് പാസായത്. ദേശീയ മാധ്യമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത് .
ഈ വിദ്യാലയങ്ങളിൽ മൊത്തം നൂറ്റിനാല്പത്തിയെട്ടു കുട്ടികൾ പ്ലസ് റ്റു പരീക്ഷയും, 240 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷയും എഴുതിയത് .

സാങ്കേതിക തകരാറുകൾ ആണ് മോശം റിസൾട്ടിന് കാരണമെന്നാണ് പരീക്ഷാഫലം പുറത്തറിഞ്ഞതോടെ അധ്യാപകരും, നാഷണൽ എജ്യുക്കേഷൻ സംഘ് പ്രവർത്തകരുടേയും വാദം. അതേസമയം പരീക്ഷ ഫലം മൂലമുണ്ടായ വിമർശനങ്ങൾ സാക്ഷരതാ നിരക്കിൽ വളരെ പുറകിൽ നിൽക്കുന്ന സംസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണിപ്പോൾ.

സംസ്ഥാനത്തിന്റെ നാല് ശതമാനം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സാധിക്കാത്ത, അന്പത്തിയെട്ടു ശതമാനം കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കാത്ത , അവരിൽ തൊണ്ണൂറു ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്ത ഒരു സംസ്ഥാനമാണ് ജാർഖണ്ഡ്.

സ്‌കൂളുകളിലേക്കുള്ള ദൂരക്കൂടുതലും , വരുമാനം കുറഞ്ഞ ജനങ്ങൾക്ക് ബാലവേലയുടെ ദോഷഫലങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുംഒക്കെയാണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണം ആകുന്നത്. ഇതിനു പുറമെ പല സ്‌കൂളുകളും വെച്ച് പുലർത്തുന്ന അനാവശ്യ നിബന്ധനകളും വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്നും അകറ്റി നിര്ത്തുന്നു. പെണ്കുട്ടികൾക്കായുള്ള സ്‌കൂളുകളിൽ വൃത്തിയുള്ള ശുചിമുറികൾ ലഭ്യമല്ല എന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വിലങ്ങു തടിയാകുന്നു. ആർത്തവ പ്രായം പിന്നിട്ട പെൺകുട്ടികൾ കൂടുതലായും വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന പ്രവണതയും സംസ്ഥാനത്തു വളരെ കൂടുതലാണ്. വിദ്യഭ്യാസമേഖലയിൽ പല സംസ്ഥാനങ്ങളും പുലർത്തുന്ന ഈ നിലവാരത്തകർച്ച രാജ്യത്തെ സാക്ഷരതാ യജ്ഞം മന്ദഗതിയിൽ ആക്കുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിനൊത്ത് ഉയരാനുള്ള സാധ്യതകളെയുമാണ് ഇല്ലാതാക്കുന്നത്.