തിരുവനന്തപുരം: ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ കേരള പരിപാടികളില്‍ നിന്നും ഒഴിവാക്കിയതിൽ പി.പി മുകുന്ദൻ പ്രതിഷേധവുമായി രംഗത്ത്. തലസ്ഥാനത്ത് സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് തറക്കല്ലിടുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം, കുമ്മനം രാജശേഖരന് തുറന്ന കത്തെഴുതിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കുമ്മനത്തിന് എല്ലാ ആശംസകളും നേരുന്ന അദ്ദേഹം മാരാര്‍ജിയെ സ്മരിക്കുന്ന ചടങ്ങില്‍ മാരാര്‍ജി സ്മാരക സമിതി ട്രസ്റ്റ് അംഗംവും മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയും കൂടിയായിരുന്ന തനിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഖമുണ്ടെന്നും വിവരിക്കുന്നു. ഇപ്പോഴത്തെ ഓഫീസ് പണിയുന്ന സ്ഥലം വാങ്ങിയതില്‍ താന്‍ പങ്കാളിയായിട്ടുണ്ടെന്നും മുകുന്ദന് കത്തില്‍ പറയുന്നു. കത്ത് പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
കത്തിന്റെ പൂര്‍ണ്ണരൂപം
നമസ്കാരം ,
ആദരണീയ ദേശീയ അധ്യക്ഷന്‍ അമിത്ഷാജി തറക്കല്ലിടുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയ നിര്‍മാണ ചടങ്ങിന് ബഹുമാനപ്പെട്ട സംസ്ഥന അധ്യക്ഷന്‍ ശ്രി കുമ്മനം രാജശേഖരന് എല്ലാ ആശംസകളും നേരുന്നു.കേരളം സംസ്ഥാനത്തിലെ മുഴുവന്‍ സമൂഹത്തിനും സേവനം ചെയ്യാനും കേരളത്തിന്റെ പൊതുവായ വികസനത്തിനും മാര്‍ഗനിര്‍ദേശം നല്കുവാനും വളരുന്ന തലമുറയ്ക്ക് ദിശാബോധം വളര്‍ത്തുവാനും ഈ കാര്യാലയം പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വൈകാരികമായ മാരാര്‍ജിയെ സ്മരിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മാരാര്‍ജി സ്മാരക സമിതി ട്രസ്റ്റ് അംഗംവും മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയും കൂടിയായിരുന്ന എനിക്ക് അതിയായ ദുഖമുണ്ട്.
ഈ സ്ഥാലം അതിന്റെ പൂര്‍വികാരില്‍ നിന്നും പ്രസ്ഥാനത്തിന് വേണ്ടി വാങ്ങിക്കാന്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു.
സ്നേഹപൂര്‍വ്വം,
പി.പി മുകുന്ദന്