ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വിലപോയില്ല, സ്വര്‍ണത്തിന് മൂന്നു ശതമാനം നികുതി

0
145


സ്വർണത്തിനുമേൽ മൂന്ന് ശതമാനവും ബീഡിക്ക് 28 ശതമാനവും നികുതി ചുമത്താൻ ജിഎസ്ടി കൌൺസിൽ യോഗത്തിൽ തീരുമാനം. സ്വർണത്തിന് നിലവിൽ ഒരുശതമാനമാണ് നികുതി. മൂന്ന് ശതമാനം നികുതി ചുമത്തുന്നതിലൂടെ സംസ്ഥാനത്തിന് സ്വർണവിപണിയിൽനിന്ന് 300 കോടിയുടെ അധികവരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് സ്വർണത്തിന് മൂന്ന്ശതമാനം നികുതി ചുമത്താൻ ധാരണയായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ തീരുമാനത്തെ രൂക്ഷമായി എതിർത്തു. സ്വർണത്തിന് അഞ്ച് ശതമാനം നികുതിതന്നെ ചുമത്തണമെന്ന് കേരളം നിലപാടെടുത്തു. ബീഡിക്ക് ഉയർന്ന നികുതി ചുമത്താനുള്ള നീക്കത്തെ കേരളം എതിർത്തു. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ ബീഡിവ്യവസായത്തിന്റെ നട്ടെല്ല് തകർക്കുന്ന നടപടിയായതിനാൽ സിഗരറ്റിന്റെ അതേനിരക്കിൽ നികുതി ചുമത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കേരളം എതിർപ്പ് അറിയിച്ചു. കശുവണ്ടിക്കും കയറിനുംമറ്റും നികുതി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

സിഗരറ്റിന് 200 ശതമാനം സെസും 28 ശതമാനം നികുതിയും ഉൾപ്പെടെ 228 ശതമാനത്തോളം നികുതി ഏർപ്പെടുത്തും. 500 രൂപവരെ വിലയുള്ള പാദരക്ഷകൾക്ക് അഞ്ച് ശതമാനവും കൂടുതൽ വിലയുള്ളവയ്ക്ക് 18 ശതമാനവും നികുതി നൽകണം. എല്ലാതരം ബിസ്‌കറ്റുകൾക്കും 18 ശതമാനം നികുതി ബാധകമാകും. കോട്ടൺതുണിക്ക് അഞ്ച് ശതമാനം, റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് 12 ശതമാനം, സിന്തെറ്റിക് റെഡിമെയ്ഡ് ഇനങ്ങൾക്ക് 18 ശതമാനം, വസ്ത്രങ്ങൾക്ക് 12 ശതമാനം എന്നിങ്ങനെയാണ് തുണിത്തരങ്ങളുടെ നികുതി. ആട്ട പോലെയുള്ള ധാന്യ ഉൽപ്പന്നങ്ങൾ രജിസ്റ്റേർഡ് ട്രേഡ്മാർക്കോടെ പായ്ക്ക് ചെയ്ത് വിൽക്കുമ്പോൾ അഞ്ച് ശതമാനം നികുതി നൽകേണ്ടിവരും. ട്രേഡ്മാർക്ക് ഇല്ലാത്തവയ്ക്ക് നികുതി ബാധകമല്ല. അതേസമയം കയർ, കശുവണ്ടി, പ്‌ളൈവുഡ് തുടങ്ങിയവ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയാണ്. ലോട്ടറി സംബന്ധിച്ചും തീരുമാനമുണ്ടായിട്ടില്ല. തർക്കവിഷയങ്ങളിൽ 11ന് ചേരുന്ന അടുത്ത യോഗം തീരുമാനമെടുക്കും. മിലിറ്ററി ക്യാന്റീനുകൾക്ക് മാത്രമേ ചരക്കുസേവനനികുതിയിൽനിന്ന് ഇളവുള്ളൂ. പാരമിലിറ്ററി, പൊലീസ് ക്യാന്റീനുകൾക്ക് ഇളവില്ല.

ചരക്കുസേവനനികുതി വിലവിവരപ്പട്ടിക ഈമാസംതന്നെ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരോ ഉൽപ്പന്നത്തിന്റെയും നിലവിലുള്ള പരമാവധി വില (എംആർപി), നിലവിലുള്ള നികുതി, ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള നികുതി തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുക. ജിഎസ്ടിയുടെ ഗുണഫലങ്ങൾ സാധാരണക്കാർക്ക് ഉപയോഗപ്പെടാൻ പട്ടിക പുറത്തുവിടണമെന്ന് കേരളം ജിഎസ്ടി കൌൺസിൽ യോഗത്തിൽ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിക്കാൻ യോഗം തീരുമാനമെടുത്തത്. ജിഎസ്ടി നിലവിൽവന്നശേഷം കമ്പനികൾ കൊള്ളലാഭമുണ്ടാക്കുന്നത് തടയാൻ നടപടികൾക്കായി നിയമമുണ്ടാക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാനും ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാരിന്റെ നാല് അംഗങ്ങളും കേന്ദ്ര സർക്കാരിന്റെ മൂന്ന് അംഗങ്ങളും ഉൾപ്പെടുന്ന സമിതി ഇതിനുവേണ്ടി പ്രവർത്തിക്കും.

ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇ-വേ ബിൽ നിലവിൽവരുന്നതോടെ വാഹനങ്ങളിലുള്ള ചരക്കുകൾ ഏതെന്ന് നേരിട്ട് പരിശോധിക്കാതെതന്നെ ഓൺലൈൻവഴി അറിയാൻ സാധിക്കും. എന്നാൽ, ഡിസംബറോടെമാത്രമേ ഈ സംവിധാനം പൂർണമായും സജ്ജമാകുകയുള്ളൂ. അതിനാൽ, ജൂലൈ ഒന്നിന് ശേഷവും കേരളത്തിലെ ചെക്ക്‌പോസ്റ്റുകൾ പ്രവർത്തിക്കും.