ബീഹാറിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ തീരുമാനം

0
106

സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ബീഹാറിൽ നിയമവിരുദ്ധമായി കച്ചവടം പൊടിപൊടിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ തുടച്ചു നീക്കാനും, ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും തീരുമാനം. ബീഹാറിലെ ഉന്നത ഉദ്യോഗസ്ഥർ, കേന്ദ്ര ഏജൻസികളായ സശാസ്ത്ര സീമ സുരക്ഷാ ബൽ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് എന്നിവർക്കായി  ബീഹാർ ചീഫ് സെക്രട്ടറി അഞ്ജനി കുമാർ സിങ് വിളിച്ചു ചേർത്ത  യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ലഹരിവസ്തുക്കളുടെ വില്പനയും, ഉപഭോഗവും നിയന്ത്രിക്കുന്നതിനായി പരസ്പര സഹകരണത്തോടെയുള്ള നീക്കങ്ങൾ നടത്തുവാനാണ് തീരുമാനമെന്ന് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ  SK സിംഗാൾ അറിയിച്ചു. മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരത്തിൽ വൻ വർദ്ധനവാണുണ്ടായത് എന്നും ഇത്  സമ്പന്ധിച്ച റിപ്പോർട്ടുകൾ വളരെ ഗുരുതരമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. 2016-17 വർഷത്തിൽ മയക്കുമരുന്ന് വില്പനയിൽ ഉണ്ടായ വർധനവും വളരെ വലുതാണ്. ഇക്കാലയളവിൽ സംസ്ഥാനത്തിനകത്ത് പിടിച്ചെടുക്കപ്പെട്ട കഞ്ചാവിന്റെ അളവ് 13834 കിലോഗ്രാം ആണ്. 2015-16 കാലയളവിൽ ഇത് കേവലം 2492 കിലോഗ്രാം മാത്രമായിരുന്നു. 2015-16 പിടിച്ചെടുത്ത ചരസ്സിന്റെ അളവ്  പതിനേഴു കിലോ ആയിരുന്നിടത്ത്  2016-17 ഇൽ അത് 63 കിലോഗ്രാം ആയി വർദ്ധിച്ചു. പത്തൊമ്പതു കിലോഗ്രാമിൽ നിന്നും 95 കിലോഗ്രാമിലേയ്ക്ക് ഒപ്പിയം , ഇരുപതു കിലോയിൽ നിന്നും എഴുപത്തിയൊന്നു കിലോയിലേയ്ക്ക് ഹെറോയിൻ  എന്നിവയുടെ അളവും വർദ്ധിച്ചു. ഇതിനു പുറമെ ലഹരി പദാർത്ഥങ്ങൾ ചേർത്ത് നിർമ്മിച്ച പതിനയ്യായിരത്തിൽ അധികം കഫ് സിറപ്പ് ബോട്ടിലുകളും പിടിച്ചെടുത്തതായി സിങ് അറിയിച്ചു. 20,308  proxyvon ഗുളികകളും കഴിഞ്ഞ വര്ഷം പിടിച്ചെടുത്ത ലഹരിമരുന്നുകളിൽ പെടുന്നു. ഇതിനും പുറമെ ഇൻജക്ട് ചെയ്യുന്ന തരത്തിലുള്ള 5672 ലഹരിമരുന്ന് കുപ്പികളും കണ്ടെടുത്തു എന്നും ADG വ്യക്തമാക്കി.

ബാറുകൾ കൂട്ടത്തോടെ  അടപ്പിച്ചതിനുശേഷം കേരളത്തിലും മയക്കുമരുന്ന് കച്ചവടം വര്ധിച്ചതായാണ് അധികൃതർ തന്നെ നൽകുന്ന സൂചന. അത് കൊണ്ട് തന്നെ സമ്പൂർണ്ണ മദ്യനിരോധനം ഒരു ഫലപ്രദമായ പരിഹാരമാണോയെന്നു ചിന്തിക്കേണ്ടത് അനിവാര്യമാണ്.