മന്ത്രിയുടെ തോക്കുമൂലം ആശുപത്രിക്ക് ഉണ്ടായത് പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം

0
85

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉത്തർപ്രദേശ് മന്ത്രി സത്യദേവ് പച്ചൗരിയുടെ അംഗരക്ഷകന്റെ തോക്കുമൂലം ഉണ്ടായത് പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം. പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ലക്‌നൗവിലെ റാം മനോഹർ ലോഹ്യ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെയാണ് സംഭവം നടന്നത്. പരിശോധനക്കായി എംആർഐ സ്കാനിംഗ് റൂമിലേക്ക് മന്ത്രിയെ കയറ്റിയപ്പോൾ തോക്കുമായി അംഗരക്ഷകനും കൂടെ കയറുകയായിരുന്നു.

തോക്ക് അകത്തുകടന്നതിനെ തുടർന്ന് മെഷീന്റെ പ്രവർത്തനം ഒരു ഉയർന്ന ശബ്ദത്തോടെ നിലയ്ക്കുകയായിരുന്നു.ഏതാണ്ട് അഞ്ചുകോടിയോളം വിലവരുന്ന മെഷീൻ പൂർവസ്ഥിതിയിലാക്കണമെങ്കിൽ പതിനഞ്ച് ദിവസമെങ്കിലും എടുക്കും. നഷ്ടം പതിനഞ്ച് ലക്ഷം രൂപ വരുമെന്നും കണക്കാക്കിയിട്ടുണ്ട്.ആശുപത്രിയിൽ അന്യർ പ്രവേശിക്കരുതെന്ന് ചില മേഖലകളിൽ വ്യക്തമായി എഴുതിവച്ചിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് അംഗരക്ഷകൻ എങ്ങനെ അകത്തെത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സുബ്രത് ചന്ദ്ര പറഞ്ഞു. നിരവധി ദരിദ്രരായ ആളുകൾക്ക് മികച്ച നിലയിൽ വൈദ്യസഹായം നൽകിവരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.ആശുപത്രി. എംആർഐ സ്കാനിംഗ് മെഷീൻ തകരാറിലായതോടെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായവരുൾപ്പെടെയുള്ള നിരവധി രോഗികൾ പ്രതിസന്ധിയിലായി.