മസ്കത്ത്: മെലാമൈൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച പാത്രങ്ങളുടെ വിപണനത്തിന് ഒമാനിൽ നിയന്ത്രണം. ആരോഗ്യത്തിന് ഹാനികരമായ ഫോർമാൽഡിഹൈഡിെൻറ സാന്നിധ്യം കണ്ടെത്തിയതാണ് കാരണം.
പ്രാദേശിക വിപണിയിൽ വിവിധ ബ്രാൻഡുകളിലായുള്ള മെലാമൈൻ പാത്രങ്ങളുടെ ചില സാമ്പിളുകൾ പരിശോധിച്ചതിൽ ഫോർമാൽഡിഹൈഡിെൻറ സാന്നിധ്യം കണ്ടെത്തിയതായി വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഫോർ സ്റ്റാൻഡേഡ്സ് ആൻഡ് മെട്രോളജി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ സാമി ബിൻ സാലിം അൽ സാഹിബ് പറഞ്ഞു. സാമ്പിളുകൾ ശേഖരിച്ചതായും അവ പരിശോധിച്ച് ഫോർമാൽഡിഹൈഡ് വിമുക്തമാണെന്നും ഉപയോഗിക്കാൻ സുരക്ഷിതമാണെന്നും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗത്തിന് സുരക്ഷിതമെന്ന് ഉറപ്പാക്കുന്നതുവരെ മെലാമൈൻ ഉപയോഗിച്ചുള്ള പാത്രങ്ങൾ അതിർത്തി കടക്കുന്നത് തടയാൻ റോയൽ ഒമാൻ പൊലീസിെൻറ കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലുമായി ചേർന്ന് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഒാരോ ലോഡുകളും ഡയറക്ടറേറ്റ് ജനറൽ ഫോർ സ്റ്റാൻഡേഡ്സ് ആൻഡ് മെട്രോളജിയിൽ പരിശോധന പൂർത്തിയാക്കിയ ശേഷമേ വിപണിയിൽ എത്താൻ അനുവദിക്കൂ.
ഇത്തരം ഉൽപന്നങ്ങൾക്കുള്ള മാനദണ്ഡങ്ങൾ തയാറാകുന്നത് വരെ പരിശോധന തുടരുമെന്നും സാലിം അൽ സാഹിബ് പറഞ്ഞു. തെർമോസെറ്റ് പ്ലാസ്റ്റിക് റെസിൻ വിഭാഗത്തിൽ പെടുന്നതാണ് മെലാമൈൻ.
ഇവ ഉപയോഗിച്ച് നിർമിക്കുന്ന പാത്രങ്ങൾക്ക് സാധാരണ പ്ലാസ്റ്റിക് പാത്രങ്ങളേക്കാൾ ഭാരം കുറവായിരിക്കും. അതിനാൽ റസ്റ്റാറൻറുകളിലും മറ്റും ഇവ കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. കാഴ്ചയിലും മനോഹരമാണ്. എത്ര ശക്തിയിൽ താഴെ വീണാലും പൊട്ടുകയില്ല എന്നതും ഇത്തരം ഉൽപന്നങ്ങളുടെ പ്രത്യേകതയാണ്.