മൊബൈല്‍ റേഞ്ചില്ല; സിഗ്നല്‍ കിട്ടാന്‍ കേന്ദ്ര മന്ത്രി മരത്തില്‍ കയറി

0
103

ഭുവനേശ്വർ: ആവലാതിയുമായെത്തിയ സ്വന്തം മണ്ഡലക്കാരുടെ പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കാൻ മരത്തിൽ കയറേണ്ട ഗതികേടുണ്ടായി കേന്ദ്ര മന്ത്രി. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൺ റാം മേഘ്‌വാൾ മൊബൈൽ ഫോണിനു സിഗ്നൽ ലഭിക്കാൻ വേണ്ടി മരത്തിൽ കയറിയത്. മന്ത്രിയുടെ മരം കയറുന്ന വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിലിട്ടു. വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്റെ മണ്ഡലമായ ബിക്കാനിറിലെ ധോളിയ ഗ്രാമത്തിലൂടെ പോകുകയായിരുന്നു മെഗ്വാൾ. ഇതിനിടെയാണ് തങ്ങളുടെ ഗ്രാമത്തിലെ പ്രശ്നങ്ങളോട് ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണെന്ന പരാതിയുമായി ഗ്രാമവാസികൾ എത്തുന്നത്. ഉടൻ തന്നെ മന്ത്രി ലാൻഡ് ഫോണിൽ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചു.

കണക്ട് ചെയ്യാൻ നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല.മന്ത്രി സ്വന്തം മൊബൈൽ ഫോണിൽ ശ്രമിച്ച് നോക്കി. അതും സമാനമായിരുന്നു. എല്ലായ്‌പ്പോഴും ഇത് തന്നെയാണ് സ്ഥിതിയെന്നും മരത്തിൽ കയറിയാൽ ചിലപ്പോൾ കവറേജ് ലഭിക്കുമെന്നും ഗ്രാമവാസികൾ പറഞ്ഞു. ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ഒരു വഴിയുമില്ലാതായതോടെ മന്ത്രി ഒരു ഏണിയുടെ സഹായത്തോടെ ഫോണുമായി അടുത്തുള്ള മരത്തിൽ കയറി ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു.

ഇതിനിടെ മന്ത്രി മരത്തിൽ കയറി വിളിക്കുന്ന ദൃശ്യം വൈറലാകുകയും ചെയ്തു. വൈദ്യുതിയും മൊബൈൽ നെറ്റ് വർക്കുമില്ലാത്ത നിരവധി ഗ്രാമങ്ങൾ രാജസ്ഥാനിൽ ഇപ്പോഴുമുണ്ട്. മന്ത്രിയുടെ മണ്ഡലമായ ബിക്കാനിറിൽ മാത്രം രണ്ടു ഡസനോളം ഗ്രാമങ്ങളിൽ മൊബൈൽ ഫോണുമായി മരങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കയറി നിൽക്കേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.