യുദ്ധമുന്നണിയിലേക്കിനി സ്ത്രീകളും: ചരിത്രം കുറിക്കാന്‍ ഇന്ത്യ

0
93

യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ കരസേന. സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നം, ഇന്ത്യന്‍ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരസേനാമേധാവി ഇക്കാര്യം പറഞ്ഞത്.

സ്ത്രീകളെ ജവാന്‍മാരായി സൈന്യത്തിലേക്കു കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഉടനെ ഈ നടപടിയുമായി മുന്നോട്ടുപോവും. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധമുഖത്തും സൈനിക നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും നിലവില്‍ പുരുഷന്‍മാര്‍ മാത്രമാണുള്ളത്. ഇക്കാര്യത്തിലാണ് ഇന്ത്യ മാറ്റം വരുത്താനൊരുങ്ങുന്നത്. ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണു സ്ത്രീകള്‍ക്കു യുദ്ധമുഖത്തും ഓപ്പറേഷനുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ പാതയിലേക്കാണ് ഇന്ത്യയും എത്തുന്നത്.