വില്ലനായി മഴ; ഇന്ത്യ 9.5 ഓവറിൽ വിക്കറ്റു പോകാതെ 46

0
123

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക്ക് പോരാട്ടം മഴ തടസപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യ തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം താളം കണ്ടെത്തി തുടങ്ങുമ്പോഴാണ് മഴ വില്ലനായെത്തിയത്. 9.5 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 46 റൺസ് എന്ന നിലയിലാണ്. പന്തിൽ 34 പന്തിൽ 25 റൺസുമായി രോഹിത് ശർമയും 25 പന്തിൽ 20 റൺസുമായി ശിഖർ ധവാനും ക്രീസിലുണ്ട്. അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

മുഹമ്മദ് ആമിറിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാകാതെ ഇന്ത്യ വിയർക്കുന്ന കാഴ്ചയോടെയാണ് മൽസരം ആരംഭിച്ചത്. ബോളിങ് പങ്കാളിയായെത്തിയ ഇമാദ് വാസിമും തകർത്തെറിഞ്ഞതോടെ റൺ കണ്ടെത്താനാകാതെ രോഹിതും ധവാനും പതറി. ഒന്നാം ഓവറിൽ 0, രണ്ടാം ഓവറിൽ മൂന്ന്, മൂന്നാം ഓവറിൽ രണ്ട്, നാലാം ഓവറിൽ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രകടനം. എന്നാൽ, മൽസരം പുരോഗമിക്കുന്തോറും താളം കണ്ടെത്തിയ ഇന്ത്യ പതുക്കെ മൽസരത്തിലേക്ക് മടങ്ങുമ്പോഴാണ് മഴയെത്തിയത്.വെറ്ററൻ താരം യുവരാജ് സിങ്ങിനും കേദാർ ജാദവിനും അവസരം നൽകിയാണ് ഇന്ത്യ നിർണായക മൽസരത്തിന് ടീമിനെ അണിനിരത്തുന്നത്.