വെള്ളാപ്പള്ളി നടേശൻ തീർത്തും അപ്രസക്തനാണെന്ന് അമിത് ഷാ; വെളിപ്പെടുത്തൽ എഡിറ്റർമാരുടെ പ്രത്യേക യോഗത്തിൽ

0
284

മനോജ്‌

തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച്, എൻഡിഎയെ സംബന്ധിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തീർത്തും അപ്രസക്തനാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. മാധ്യമങ്ങളുടെ എഡിറ്റർമാർക്കായി വിളിച്ചു കൂട്ടിയ പ്രത്യേക യോഗത്തിലായിരുന്നു അമിത് ഷായുടെ വെളിപ്പെടുത്തൽ.അദ്ദേഹം എസ്എൻഡിപി നേതാവാണ്. എൻഡിഎയുമായി ബന്ധമില്ല. ഞങ്ങൾക്ക് ബന്ധം ബിഡിജെഎസുമായാണ്. വെള്ളാപ്പള്ളി ബിഡിജെഎസ് ഭാരവാഹിയല്ല. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ്. തുഷാർ വെള്ളാപ്പള്ളി പറയുന്ന അഭിപ്രായം കണക്കിൽ എടുത്താൽ മതി. അമിത് ഷാ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
എൻഡിഎ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കേരളാ കോൺഗ്രസുമായി ഗൌരവപൂർണ്ണമായ ചർച്ച നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. അപ്പോൾ ബിജെപി കേരളാ കോൺഗ്രസുമായി ചർച്ച നടത്തി എന്ന കാര്യം അമിത്ഷായുടെ വാക്കുകളിലൂടെ വെളിയിൽ വന്നു. പക്ഷെ അതിന്റെ വിശദാംശങ്ങൾ അമിത് ഷാ വെളിപ്പെടുത്തിയില്ല.ന്യൂനപക്ഷം, ഭൂരിപക്ഷം അതെല്ലാം പഴയകാല സങ്കല്പങ്ങൾ ആണെന്ന് അമിത്ഷാ പറഞ്ഞു. ആരാണ് പ്രായോഗികമായി കാര്യങ്ങൾ ചെയ്യുന്നത് ജനങ്ങൾ അവർക്കൊപ്പം നിൽക്കും. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനങ്ങൾക്കൊന്നും ബിജെപിയില്ല. സീറോ പ്രീണനം എന്നാണു ബിജെപി നയം. വാഗ്ദാനങ്ങൾ ആര് പാലിക്കുന്നു. ജനം അവർക്കൊപ്പം നിൽക്കും. അതാണ് കാലം. ആരെയും തത്ക്കാലം പ്രീണിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.
വികസന പ്ലാറ്റ്‌ഫോമിൽ നിന്നാണ് ബിജെപി മുന്നോട്ട് പോകുന്നത്. ജനം ഗൌരവമായി കാണുന്നതും വികസനമാണ്. യുപിഎ സർക്കാരുകൾ നൽകിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എൻഡിഎ സർക്കാർ കേരളത്തിനു നൽകിക്കഴിഞ്ഞിട്ടുണ്ട്. ആ കണക്കുകൾ ബിജെപിയുടെ കയ്യിലുണ്ട്.തൊഴിലുറപ്പ് പദ്ധതിയുടെ കുടിശിഖ എന്ത് കൊണ്ട് നൽകുന്നില്ല എന്ന ചോദ്യം ഉയർന്നപ്പോൾ സരസമായാണ് അമിത് ഷാ മറുപടി നൽകിയത്. കേരള സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കായി നൽകിയ പണത്തിന്റെ കണക്ക് കാണിക്കട്ടെ. ഏതൊക്കെ പദ്ധതികൾക്ക് ഇത്ര തുക വിനിയോഗിച്ചു എന്ന് കണക്ക് കേന്ദ്രത്തിനു നൽകട്ടെ. അത് നൽകാത്തതിനാൽ പണം ലഭിക്കില്ല.
തൊഴിലുറപ്പ് പദ്ധതിയുടെ വിനിയോഗ രേഖ കാണിക്കട്ടെ. ഇത്തരം വിനിയോഗ രേഖ നൽകിയില്ലെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പണം നൽകില്ല എന്ന തീരുമാനമുണ്ട്.അമിത് ഷാ പറഞ്ഞു.രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അമിത് ഷാ വിദഗ്ദമായി ഒഴിഞ്ഞുമാറി. അതിനെക്കുറിച്ച് നേരത്തെ കമന്റ് ചെയ്യുന്നത് ശരിയല്ല. സമയം വരുമ്പോൾ വെളിപ്പെടുത്താം. അമിത് ഷാ പറഞ്ഞു. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായുള്ള ചർച്ചയിൽ ബീഫ് വിഷയം ചർച്ച ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.