സെഞ്ച്വറികളുടെ വേഗത്തില്‍ റെക്കോഡിട്ട് ആംല, ദക്ഷിണാഫ്രിക്കയ്ക്ക് ജയം

0
151

ഏറ്റവും വേഗത്തിൽ 25 സെഞ്ചുറികൾ തികച്ച് ഹാഷിം ആംല റെക്കോഡിട്ടപ്പോൾ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 96 റൺസിന്റെ ആധികാരിക ജയം.ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ 50 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 299 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 41.3 ഓവറിൽ 203 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

115 പന്തിൽ 103 റൺസടിച്ച ഓപ്പണർ ഹാഷിം ആംലയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് കരുത്തേകിയത്. ഏകദിനത്തിൽ 151-ാം ഇന്നിങ്‌സിനിറങ്ങിയ ആംലയുടെ 25-ാം സെഞ്ചുറിയാണിത്. ഇതോടെ ഏറ്റവും വേഗത്തിൽ 25 സെഞ്ചുറി തികയ്ക്കുന്ന താരമായി ആംല. 162 ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് മറികടന്ന വിരാട് കോലിയുടെ റെക്കോഡാണ് തിരുത്തിയത്. ആംല അഞ്ചു ബൗണ്ടറിയും രണ്ടു സിക്സറും നേടി. ഫാഫ് ഡുപ്ലെസിയും (70 പന്തിൽ 75) തിളങ്ങി.

ടോസ് നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആംലയ്ക്ക് കൂട്ടായിരുന്ന ഓപ്പണർ ക്വിന്റൺ ഡി കോക്ക് (23) മടങ്ങിയതോടെ ആംലയും ഡുപ്ലെസിയും ഒന്നിച്ചു. രണ്ടാം വിക്കറ്റിൽ 129 പന്തിൽ 145 റൺസടിച്ച ആംല-ഡുപ്ലെസി സഖ്യം ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് ബലമേകി.ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്‌സ് (4) തിളങ്ങിയില്ല. ഓവറിൽ അഞ്ചുറൺസ് എന്നനിലയിൽ മുന്നേറിയ ദക്ഷിണാഫ്രിക്കയെ അവസാന ഓവറുകളിൽ ഡുമിനി (20 പന്തിൽ 38*), ക്രിസ് മോറിസ് (19 പന്തിൽ 20) എന്നിവർ ചേർന്ന് പോരുതാവുന്ന ടോട്ടലിലെത്തിച്ചു.

ശ്രീലങ്കൻ നിരയിൽ ഓപ്പണർമാരായ നിരോശൻ ഡിക് വെല്ല(33 പന്തിൽ 41), ഉപുൽ തരംഗ (69 പന്തിൽ 57) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മറ്റുള്ളവർക്കൊന്നും കാര്യമായ സംഭവന നൽകാൻ സാധിച്ചില്ല.തകർച്ച നേരിട്ട ശ്രീലങ്കയെ കരകയറ്റാൻ മധ്യനിരയിലിറങ്ങിയ കുസാൽ പെരേര (പുറത്താകാതെ 66 പന്തിൽ 44) ശ്രമം നടത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 8.3 ഓവർ എറിഞ്ഞ് 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി ഇമ്രാൻ താഹിർ മികച്ച പ്രകടനം പുറത്തെടുത്തു.