സ്വന്തം പ്രോഗ്രസ് റിപ്പോർട്ട്’ പൊതുചർച്ചയ്ക്കു വച്ച് പിണറായി സർക്കാർ

0
170

ജനാധിപത്യത്തിനു പുതിയ മാനം പകർന്ന് പ്രകടനപത്രികയുടെ അവലോകനറിപ്പോർട്ടുമായി പിണറായിസർക്കാർ. രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാകുന്ന ‘പ്രോഗ്രസ് റിപ്പോർട്ട്’ കോഴിക്കോട്ട് ഇന്ന് ( ജൂൺ 5 ) നടക്കുന്ന മന്ത്രിസഭാവാർഷികത്തിന്റെ സമാപനച്ചടങ്ങിൽ സിനിമാ സംവിധായകൻ രഞ്ജിത്തിന് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. തെരഞ്ഞെടുപ്പു ജയിച്ചാൽ പ്രകടനപത്രികയെ മറക്കുന്ന നാട്ടിൽ തികച്ചും പുതുമയാർന്ന നടപടിയാണ് സ്വന്തം പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.

എൽഡിഎഫ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ചിരുന്ന 35ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. ഒരോ വർഷവും നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾകൂടി സ്വീകരിച്ച് ഭാവിപരിപാടികൾ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയിൽത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോർട്ട് പുറത്തിറങ്ങുന്നത്.

വികസനവിദഗ്ദ്ധർക്കും പൊതുജനങ്ങൾക്കും സർക്കാരിന്റെ പ്രവർത്തനം വസ്തുനിഷ്ഠമായി വിലയിരുത്താൻ സഹായകമാകുന്ന രീതിയിലാണ് അവലോകനം. ആദ്യവർഷം തുടങ്ങാൻ കഴിയാത്ത പരിപാടികൾ അങ്ങനെതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ടകാര്യങ്ങൾ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപ്പോർട്ടിലുളളത്. തുടങ്ങാൻ കഴിയാത്ത ഏതെങ്കിലും കാര്യങ്ങൾ ഉയർത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സർക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപ്പോർട്ടിന്റേത്. തുടർച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാകും വിധം ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും അപ്പപ്പോൾ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വകുപ്പുതിരിച്ചുള്ള പതിവ് അവലോകനത്തിൽനിന്നു വ്യത്യസ്തമായി പല വകുപ്പുകൾ ചേർന്നു നടപ്പാക്കുന്ന പരിപാടികളുടെ പുരോഗതി എന്ന നിലയിലാണ് പരിശോധിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാർക്കു മാർക്കിട്ടതുപോലുള്ള വിവാദവും തർക്കവും സൃഷ്ടിക്കാതെ സൃഷ്ടിപരമായ വിമർശനവും നിർദ്ദേശങ്ങളും ക്ഷണിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഒരു സ്വയംപരിശോധനയുടെകൂടി ഭാഗമാണിത് എന്നു മുഖ്യമന്ത്രിതന്നെ ആമുഖത്തിൽപറഞ്ഞിട്ടുണ്ട്. തികച്ചും പുതുമയാർന്ന ഈ പ്രോഗ്രസ് റിപ്പോർട്ടിനൊടുവിൽ പൊതുജനങ്ങളുടെ അഭിപ്രായനിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുമുണ്ട്.