അമിത് ഷാ കാത്തിരുന്നത് മോഹന്‍ലാലിനെ, കൂടെവന്നത്‌ വെഞ്ഞാറമൂട് ശശി മാത്രം

0
2780

രാഷ്ട്രീയകാര്യ ലേഖകന്‍

പ്രമുഖരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് ഓളം ഉണ്ടാക്കാനുള്ള ശ്രമവുമായി കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കാത്തിരുന്നത് മോഹന്‍ലാലിനെ. തിരുവനന്തപുരത്ത് പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള പ്രമുഖരുമായി ചര്‍ച്ച നടത്തിയ വേദിയില്‍ ലാലിനെ എത്തിച്ച്  അണികളില്‍ ആവേശം നിറയ്ക്കാന്‍ ആയിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. സംസ്ഥാനത്തെ ഒരു വലിയ താരം എത്തുമെന്ന സന്ദേശം സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് നല്‍കുകയും ചെയ്തിരുന്നു. ഇതിനായി മോഹന്‍ലാലുമായി അടുത്ത ബന്ധമുള്ള പലരെയും ബിജെപി സംസ്ഥാന നേതൃത്വം ഉപയോഗിച്ചുവെങ്കിലും ലാല്‍ താല്പര്യം കാട്ടിയില്ല.

ബിജെപിക്ക് പുറത്തുനിൽക്കുന്ന പ്രമുഖരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കണ്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരത്ത് നടന്ന പൗരസംഗമത്തിൽ ബി.ജെ.പി.യിൽ ചേരാമെന്ന് സമ്മതിച്ചത് വെഞ്ഞാറമൂട് ശശി മാത്രമാണ്. സി.പി.ഐ.യുടെ മുൻ ജില്ലാ സെക്രട്ടറിയായ വെഞ്ഞാറമൂട് ശശി പാർട്ടിനടപടി നേരിട്ടയാളാണ്. സി.പി.ഐയില്‍ നിന്നും പോയി ആര്‍.എസ്.പിയില്‍ ചേര്‍ന്ന വെഞ്ഞാറമൂട് ശശി നിലവില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ അത്ര ശ്രദ്ധേയ സാന്നിധ്യവും അല്ല. പൗരപ്രമുഖരുടെ യോഗത്തിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബാബു പോൾ, ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ മാധവൻ നായർ, നടൻ ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവർ എത്തിയിരുന്നു.

വലിയ രാഷ്ട്രീയലക്ഷ്യങ്ങളോടെ കേരളത്തിലെത്തിയ ഷായുടെ സന്ദർശനം പാർട്ടി പ്രവർത്തകരിൽ ആവേശമുണ്ടാക്കിയെങ്കിലും പാർട്ടിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുമോ എന്നത് കണ്ടറിയണം. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പാർട്ടിയോടടുപ്പിക്കാനുള്ള ശ്രമങ്ങൾ ഷാ നടത്തിയെങ്കിലും അതിന്റെ പ്രത്യക്ഷഫലങ്ങൾ ദൃശ്യമായിട്ടില്ല. മതമേലധ്യക്ഷന്മാരുമായി ചർച്ചകൾ നടന്നുവെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തുവെന്ന് അവരും സമ്മതിക്കുന്നില്ല. ആകെ നടന്നത് സന്യാസ പ്രമുഖരുമായുള്ള ചര്‍ച്ചയാണ്. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശാന്തിഗിരി മഠം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രണവ ശുദ്ധാനന്ദ, ശ്രീരാമദാസ മിഷൻ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ബ്രഹ്മചാരി ഭാർഗ്ഗവറാം, ചിന്മയ മിഷൻ തിരുവനന്തപുരം കോർഡിനേറ്റർ ബ്രഹ്മചാരി ധ്രുവചൈതന്യ, ശ്രീരാമകൃഷ്ണമിഷൻ തിരുവനന്തപുരം അദ്ധ്യക്ഷൻ സ്വാമി മോക്ഷ വ്രതാനന്ദ, വാഴൂർ തീർത്ഥപാദ ആശ്രമം പ്രതിനിധി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി ജ്ഞാനമൃതാനന്ദപുരി, ചെറുകോൽ ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ട്രസ്റ്റ് അംഗം ശുഭാനന്ദദാസ് എന്നിവരാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംപിമാരായ ഭൂപേന്ദ്രയാദവ്, നളിൻകുമാർ കട്ടീൽ എന്നിവരും പങ്കെടുത്തു.

അപ്പോള്‍ പോലും സന്ദര്‍ശനത്തിന് രാഷ്ട്രീയ മുഖം ഇല്ലാതെ ഇരിക്കാന്‍ സന്ന്യാസ സമൂഹം ശ്രദ്ധിച്ചു. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യം ഇല്ലായിരുന്നുവെന്ന് ബ്രഹ്മചാരി ഭാർഗ്ഗവറാം, ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശനം തികച്ചു വ്യക്തിപരമായിരുന്നു. കേരളത്തിൻറെ പൊതു പ്രശ്‌നങ്ങളും ഹിന്ദുസമൂഹം അനുഭവിക്കുന്ന വിഷമതകളും ചർച്ചക്ക് വന്നുവെന്നും അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും അവർ പറഞ്ഞു. കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിനു ന്യൂനപക്ഷപിന്തുണ അനിവാര്യമാണെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയ ഷാ, ഇക്കാര്യത്തിൽ തുടർനടപടികൾ എന്തെന്ന് വിശദീകരിച്ചിട്ടില്ല. സംഘടനാതലയോഗങ്ങൾക്കാണ് ഷാ പ്രാധാന്യം നൽകിയത്. ഒക്ടോബറിൽ താൻ വീണ്ടുമെത്തുമെന്നും എല്ലാ വീഴ്ചകളും അതിനുമുമ്പ് പരിഹരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.