ഇതാണോ പാക്കിസ്ഥാൻ?; ബിജെപിക്കെതിരെ കോടിയേരി

0
106

ബിജെപിക്കും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള നിലപാടാണ് ബിജെപിയും അമിത് ഷായും കൈക്കൊള്ളുന്നതെന്ന് കോടിയേരി ആരോപിച്ചു. ഇത്തരം പ്രചാരണങ്ങളിൽനിന്ന് ബിജെപിക്കാർ പിൻവാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയതലത്തിൽ കേരളം എന്തുകൊണ്ട് മികച്ചുനിൽക്കുന്നുവെന്ന് അക്കമിട്ടു നിരത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബിജെപിക്കെതിരായ കോടിയേരിയുടെ വിമർശനം.

കോടിയേരിയുടെ പോസ്റ്റിന്റെ പൂർണരൂപം

കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷൻ ചാനൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച് ബിജെപി നേതാവ് തരുൺ വിജയ് നടത്തിയ അഭിപ്രായപ്രകടനവും കേരളത്തിൽ വന്ന് അമിത് ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന വിധത്തിലുള്ളവയാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.

– സാക്ഷരതയിൽ കേരളമാണ് ഒന്നാമത്.

– ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.

– ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നിൽ.

– പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.

– ശിശു മരണനിരക്കും ഗർഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.

– ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിൽ.

– അംഗപരിമിത സൗഹൃദ സംസ്ഥാനം.

– രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.

– എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയിൽ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതിൽ ഒന്നാമത്.

– മനുഷ്യാവകാശ സംരക്ഷണത്തിൽ ഒന്നാമത്.

– സൗജന്യ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒന്നാമത്.

– സൗജന്യ ആരോഗ്യപരിപാലനത്തിൽ ഒന്നാമത്.

– വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം.

– എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.

– വർഗീയ കലാപങ്ങൾ ഇല്ലാത്തിടം.

– അയിത്താചാരങ്ങളില്ലാത്തിടം.

– ജാതി പീഡനമില്ലാത്തിടം.

– ദലിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.

– പശുവിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.

പറയൂ, ഇതാണോ പാക്കിസ്ഥാൻ?

ഈ പ്രചരണങ്ങളിൽ നിന്ന് ഇനിയെങ്കിലും ബിജെപിക്കാർ പിൻവാങ്ങണം. അമിത് ഷാ കേരളത്തിൽ വന്നപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയായി ബിജെപി മാറിയിരിക്കുന്നു. കേരള ജനതയെ ഇനിയും അപമാനിക്കരുത്.