ഒടുവിൽ സെൻകുമാറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ

0
128

സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ ഒരേ വേദിയിലെത്തി. വയനാട് ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ഇരുവർക്കുമിടയിലെ മഞ്ഞുരുകലിന് വേദിയായത്. നിയമ പോരാട്ടത്തിലൂടെ പൊലീസ് മേധാവിയായി തിരിച്ചെത്തിയശേഷം ടി.പി. സെൻകുമാറുമായി ഇതുവരെ മുഖ്യമന്ത്രി വേദി പങ്കിട്ടിരുന്നില്ല. ഇരുവരും ഒരുമിച്ച് പങ്കെടുക്കാത്തതിനാൽ സംസ്ഥാന പൊലീസ് സേനയിലേക്കുള്ള 28 ബി ബാച്ച് എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡ് വൈകുന്നുവെന്ന വാർത്ത കഴിഞ്ഞദിവസം പരന്നിരുന്നു.

സെൻകുമാറുമായി വേദിപങ്കിടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള അതൃപ്തിയാണ് പാസിങ് ഔട്ട് പരേഡ് വൈകാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, ഇതിനെല്ലാം മറുപടിയെന്നോണം നേരത്തേ തീരുമാനിച്ച പ്രോഗ്രാം പ്രകാരംതന്നെ വയനാട് ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഇരുവരും ഒന്നിച്ചെത്തി. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച സെൻകുമാർ വേദിയിൽ അദ്ദേഹവുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുകയും ചെയ്തു. സ്വാഗതപ്രസംഗത്തിൽ പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളെ അഭിനന്ദിക്കാനും ടി.പി. സെൻകുമാർ മറന്നില്ല. തുടർന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജനപക്ഷത്തുനിന്നായിരിക്കണം െപാലീസ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.