ഖത്തർ പ്രതിസന്ധി , പ്രവാസികള്‍ക്ക് ആശങ്ക

0
204

ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യൻ രാജ്യങ്ങളുടെ നടപടിയിൽ ആശങ്കയോടെപ്രവാസി ഇന്ത്യക്കാര്‍. ഏഴു ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നത് എന്നത് ഇന്ത്യയെ കുഴയ്ക്കുന്ന വസ്തുതയാണ്. യുഎഇ, സൗദി രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാന സർവീസ് അവസാനിപ്പിക്കുന്നത് മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും.

എൺപത് ലക്ഷത്തോളം ഇന്ത്യക്കാരുടെ കർമ്മഭൂമിയാണ് അറേബ്യ. ഖത്തറിലും ഖത്തറുമായി ഇടഞ്ഞു നിൽക്കുന്ന ബഹറിൻ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിശേഷിച്ച് മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്.ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനത്തോടെ ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഖത്തറിലേക്ക് പോവാൻ സാധിക്കാതെ വരും. ഖത്തറിലുള്ളവർ ഒറ്റപ്പെടുകയും ചെയ്യും.ഖത്തറിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഖത്തറിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ജപ്പാൻ, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ്.

ഊർജ്ജരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യയും ഖത്തറും തന്ത്രപ്രധാനമായ സഹകരണമാണ് നിലനിൽക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സിഎൻജി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 25 വർഷത്തേക്കുള്ള കരാറിൽ കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.ഇതോടൊപ്പം അമോണിയ,യൂറിയ തുടങ്ങിയവയും ഖത്തറിൽ നിന്ന് ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖത്തറുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതിനെയെല്ലാം അറേബ്യൻ പ്രതിസന്ധി ബാധിച്ചേക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്.

2022-ലെ ഫുട്ബോൾ ലോകകപ്പിനായി വൻതോതിലുള്ള നിർമ്മാണപ്രവർത്തനങ്ങളാണ് ഖത്തറിൽ നടക്കുന്നത്. ആയിരകണക്കിന് ഇന്ത്യക്കാരാണ് ഇതിനായി മാത്രം കഴിഞ്ഞ വർഷങ്ങളിൽ ഖത്തറിലെത്തിയത്. പൊടുന്നനെയുള്ള ഉപരോധത്തിലൂടെ ഖത്തർ നേരിടുന്ന പ്രധാനപ്രതിസന്ധി ലോകകപ്പ് നടത്തിപ്പ് തന്നെയാണ്.സമ്പന്നരാഷ്ട്രം എന്നനിലയിൽ താൽകാലികമായി ഈ പ്രതിസന്ധി നേരിടുവാൻ ഖത്തറിന് സാധിക്കുമെങ്കിലും ഭാവിയിൽ കാര്യങ്ങൾ മാറിമറിയാം. ഉപരോധ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഖത്തർ റിയാലിന് വില ഇടിഞ്ഞത് തന്നെ അശുഭസൂചനയായി സാമ്പത്തികവിദഗ്ദ്ധർ കാണുന്നു. ഖത്തറിന്റെ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേഴ്സിന് അറേബ്യൻ രാജ്യങ്ങളിലേക്ക് വിലക്ക് വരുന്നത് ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയാവും സൃഷ്ടിക്കുക.

ഖത്തറിലേക്ക് കര-ജല-വ്യോമഗതാഗതം അറബ് രാജ്യങ്ങൾ അവസാനിപ്പിച്ചതോടെ ഖത്തറിന് കോടിക്കൾ വരുമാനം നേടിക്കൊടുക്കുന്ന പ്രകൃതിവാതക കയറ്റുമതിയും അവതാളത്തിലാവും.എണ്ണ വില ഇടിഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയും കുവൈത്തും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി നേരിട്ടെങ്കിലും ഖത്തറും യുഎഇയേയും അത് കാര്യമായി ബാധിച്ചിരുന്നില്ല. എണ്ണ ഉദ്പാദനത്തിനേക്കാളേറെ ടൂറിസത്തിലും മറ്റു വ്യാപരരംഗത്തും നിന്നുള്ള വരുമാനമാണ് എണ്ണവില ഇടിഞ്ഞപ്പോൾ ഇരുരാജ്യങ്ങൾക്കും തുണയായത്.2022-ലെ ലോകകപ്പിന്റെ ആതിഥേയത്വം സ്വന്തമാക്കാൻ ഖത്തൻ വൻതുക എറിഞ്ഞതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ലോകകപ്പ് നടത്തിലൂടെ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാം എന്നതായിരുന്നു ഖത്തറിന്റെ പദ്ധതി അതിനുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് അസാധാരണ പ്രതിസന്ധിയിൽ അവർ അകപ്പെട്ടിരിക്കുന്നത്.

ബഹറിൻ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ച് അവിടേക്കുള്ള ഗതാഗതം പോലും നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തുള്ള ഖത്തർ പൗരൻമാർക്ക് ഒഴിഞ്ഞു പോകുന്നതിനായി രണ്ടാഴ്ച്ച സമയവും ഇവർ അനുവദിച്ചിട്ടുണ്ട്മുസ്ലീം ബ്രദർഹുഡ് പോലുള്ള തീവ്രവാദി സംഘടനകൾക്ക് ഖത്തർ സാമ്പത്തികസഹായം നൽകുന്നുവെന്നാരോപിച്ചാണ് അറബ് രാജ്യങ്ങൾ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

യുഎഇയിൽ നിന്നുള്ള എമിറേറ്റ്‌സ്, എത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ വിമാനങ്ങളാണ് ദോഹയിലേയ്ക്കുള്ള വിമാന സർവീസ് ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഫ്‌ലൈ ദുബായ് ഇതിനകം സർവീസ് നിർത്തലാക്കിക്കഴിഞ്ഞു. വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ദോഹയിൽ 00974 4 4227350/51 എന്ന നമ്പരിലും ദുബായിൽ (00971) 600 544445 എന്ന നമ്പരിലും ബന്ധപ്പെട്ട് പണം തിരികെ കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിൽ നിന്നു ദോഹയിലേയ്ക്കുള്ള അവസാന വിമാനം ചൊവ്വാഴ്ച പുലർച്ചെ 2.45നും ദോഹയിൽ നിന്ന് അബുദാബിയിലേയ്ക്കുള്ള അവസാന വിമാനം പുലർച്ചെ നാലിനുമായിരിക്കുമെന്നും ഇത്തിഹാദ് എയർവേയ്‌സ് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ തിങ്കളാഴ്ചത്തെ വിമാന സർവീസ് പതിവുപോലെ തുടരും. ചൊവ്വാഴ്ച മുതൽ ഖത്തറിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റുവഴികൾ തേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

എമിറേറ്റ്‌സ് വിമാനങ്ങൾ തിങ്കളാഴ്ച സാധാരണപോലെ സർവീസ് നടത്തുമെങ്കിലും ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ മറ്റുവഴികൾ തേടണം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകും. കൂടാതെ തൊട്ടടുത്തെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് ടിക്കറ്റ് മാറ്റി നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 600 555555.