പരിസ്ഥിതിസംരക്ഷണം ജീവിതചര്യയാക്കണം: മുഖ്യമന്ത്രി

0
283

കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാർഷികസംസ്‌കൃതിയും തിരിച്ചുപിടിക്കാൻ പരിസ്ഥിതിദിനാഘോഷം തുടക്കമിടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിസ്ഥിതിദിനസന്ദേശത്തിൽ പറഞ്ഞു. ഹരിതകേരളം മിഷൻ ആഭിമുഖ്യത്തിൽ ഒരുകോടി വൃക്ഷത്തെകൾ നടുന്ന ബൃഹത്തായ വൃക്ഷവൽക്കരണപരിപാടിക്കാണ് സംസ്ഥാനം തുടക്കമിടുന്നത്. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, മറ്റ് പാരിസ്ഥിതികപ്രശ്‌നങ്ങൾ എന്നിവ ഭൂമിയിൽ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾക്ക് പരിഹാരംകാണാൻ ഇത്തരം സംരംഭങ്ങൾ ഉപകരിക്കും. പരിസ്ഥിതിസംരക്ഷണ പ്രവർത്തനം കേവലം പരിസ്ഥിതിദിനത്തിൽമാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

‘പ്രകൃതിയുമായി ഒത്തുചേരാൻ ഒന്നിക്കൂ’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനസന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങൾ എന്നിവ പ്രകൃതിയിൽ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾക്ക് പരിഹാരം കാണാൻ ഇത്തരം സംരംഭങ്ങൾക്ക് മാത്രമേ സാധിക്കു. കേരളത്തിൻറെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാർഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാനുളള ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈകൾ നടുന്നത്. തൈകളുടെ ശേഖരണവും മെച്ചപ്പെട്ട പരിപാലനവും അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. നഴ്‌സറികളിൽ ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, തദ്ദേശീയ ഇനങ്ങൾ എന്നിവക്ക് പ്രാമുഖ്യം നൽകി വളർത്തിയ തൈകളാണ് വിതരണം ചെയ്തിട്ടുളളത്.

മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവൽ, കമ്പകം, നീർമരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിൾ, പൂവരശ് തുടങ്ങി ഫലവൃക്ഷ-ഔഷധയിനത്തിൽപ്പെട്ട നൂറോളം ഇനം വൃക്ഷങ്ങളാണ് ഇത്തവണ നടുന്നത്. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മുതലായ മരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സർക്കാർ ഭൂമിയിലുള്ള ഇത്തരം മരങ്ങൾ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങൾ വെച്ചുപിടിപ്പിക്കും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന പരിപാടിക്കും ഇന്ന് (ജൂൺ 5) തുടക്കം കുറിക്കും. വൃക്ഷവത്ക്കരണ പദ്ധതികൾക്കുപുറമെ മണ്ണിനേയും ജലസ്രോത സ്സുകളേയും മാലിന്യമുക്തമാക്കാനും പരിസര മലിനീകരണം തടയാനുമുളള നടപടികളും ഉണ്ടാകും.

ഓരോ വിദ്യാർഥിക്കും ഓരോ മരം എന്ന രീതിയിൽ 47 ലക്ഷത്തോളം മരങ്ങൾ സ്‌കൂൾ വിദ്യാർഥികൾ വഴിയാണ് ഒരുക്കിയിട്ടുളളത്. അവ കുട്ടികൾ വീട്ടുമുറ്റത്ത് വളർത്തി പരിപാലിക്കണമെന്നാണ് നിർദേശം. വീട്ടുമുറ്റത്ത് മരം വളർത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്‌കൂൾ വളപ്പിലോ പൊതുസ്ഥലത്തോ മരം വളർത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികൾ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകുന്ന പരിപാടി ‘മരക്കൊയ്ത്ത്’ എന്ന പേരിലാണ് നടപ്പാക്കുന്നത്.ജൂൺ മാസം കേരളത്തിൽ വൃക്ഷത്തൈ നടൽ മാസമായി മാറ്റാനാണ് പരിപാടി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കും. ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക എന്നത് ഹരിതകേരളം മിഷൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരളത്തിൻറെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളർത്തണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.