അനധികൃതഫാമുകള് ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിലേക്ക് പോത്തുകളെ അഴിച്ചുവിട്ട് കര്‍ഷകര്‍. മധ്യപ്രദേശിലെ ജബല്‍പുരിലുള്ള ക്ഷീരകര്‍ഷകരാണ് ഇത്തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധ രീതി തിരഞ്ഞെടുത്തത്.
പോത്തുകള്‍ മുന്നിലെത്തിയതോടെ ഒഴിപ്പിക്കാനെത്തിയ ജബല്‍പുര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെയായി. പോത്തുകളുടെ പിന്നിലിരുന്നാണ് കര്‍ഷകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.
ജെസിബി, ട്രക്ക് തുടങ്ങിയ വാഹനങ്ങള്‍ക്കും ഫാമുകളുടെ അടുത്തേക്കു പോലും എത്താന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറോളം തുടര്‍ന്ന പ്രതിഷേധത്തില്‍ ജബല്‍പുര്‍-സിഹോറ ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു. അധികൃതര്‍ കൂടുതല്‍ പോലീസിനെ വിളിച്ച് വരുത്തിയതോടെ കര്‍ഷകര്‍ കല്ലേറ് നടത്തി.
സമരം നിയന്ത്രണം വിട്ടതോടെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഏറെ പണിപ്പെട്ടാണ് ദേശീയപാത കൈയടക്കിയിരുന്ന പോത്തുകളെ മാറ്റാനായത്.
മധ്യപ്രദേശ് ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിയുടെ ഉത്തരവുകള്‍ ലംഘിച്ച് തൊണ്ണൂറോളം ഫാമുകളാണ് ജബല്‍പുരില്‍ പ്രവര്‍ത്തിക്കുന്നത്. പരിയാത് നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പത്തോളം ഫാമുകള്ക്കെതിരയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ശനിയാഴ്ച നടപടിയുണ്ടായത്.
ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടായെങ്കിലും വരും ദിവസങ്ങളില്‍ ഫാമുകള്‍ ഒഴിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടായിരിക്കുമെന്ന് പോലീസുകാര്‍ അറിയിച്ചു.