മലയാളമണ്ണില്‍ വേരിറങ്ങും, ഒരു കോടി വൃക്ഷങ്ങളുടെ

0
169

പച്ചപ്പിന്റെ അതിജീവനഗാഥ രചിക്കാൻ നാടൊരുങ്ങി. ഒരുകോടി വൃക്ഷത്തൈകളുടെ വേരുകള്‍ മണ്ണിലേക്ക് ഇറക്കിയാണ് പരിസ്ഥിതിദിനത്തിൽ കേരളം മാതൃക ആകുന്നത് . ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണിത്. പരിസ്ഥിതിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് കനകക്കുന്ന് കൊട്ടാരപരിസരത്ത് വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിക്കും. വനംമന്ത്രി കെ രാജു അധ്യക്ഷനാകും. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പിണറായി എകെജിഎച്ച്എസ്എസിൽ രാവിലെ 9.30നാണ് ഉദ്ഘാടനം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ തൈകൾ നടും.

മഴക്കൊയ്ത്തുത്സവം, ഹരിതം സഹകരണം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തിൽ നടക്കും.തലസ്ഥാനത്തെ ചടങ്ങിൽ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ വിശിഷ്ട സംഭാവന നൽകിയ കവി സുഗതകുമാരി, സി കെ കരുണാകരൻ എന്നിവരെയും ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഫോറസ്റ്റേഴ്‌സ് സംഘടനയെയും ആദരിക്കും. ഹരിതകേരളം ഫോട്ടോ ആൽബത്തിന്റെയും വനംവകുപ്പ് പ്രസിദ്ധീകരണമായ ‘അരണ്യം’ മാസികയുടെ പരിസ്ഥിതിദിനപതിപ്പിന്റെയും പ്രകാശനവും ഗവർണർ നിർവഹിക്കും. നിശാഗന്ധിയിൽ വിവിധ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. രാവിലെ 7.30ന് കവടിയാർ പാർക്കിൽനിന്ന് കനകക്കുന്നുവരെ സൈക്കിൾറാലിയുണ്ടാകും. വിജെടി ഹാളിൽ പകൽ 2.30 മുതൽ ‘മനുഷ്യനും പ്രകൃതിയും’ സെമിനാർ നടക്കും. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം. നടൻ മോഹൻലാൽ രാവിലെ 9.30ന് തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ വൃക്ഷത്തൈ നടും.

72 ലക്ഷം വൃക്ഷത്തൈ വനംവകുപ്പും അഞ്ചുലക്ഷം തൈ കൃഷിവകുപ്പും സജ്ജമാക്കി. ശേഷിക്കുന്ന 23 ലക്ഷം തൈ കുടുംബശ്രീ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെയും തയ്യാറാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനപ്രകാരം പാർടി പ്രവർത്തകരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളാകും. വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാർഥി- യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വൃക്ഷത്തൈകൾ നടും.