ലോക്‌സഭാ പ്രകടനം: മകനേക്കാള്‍ ഭേദം രാഹുലിന്റെ അമ്മ

0
140

ലോക്‌സഭയിലെ എം.പിമാരുടെ ഹാജര്‍ നില അടക്കമുള്ള പ്രകടമങ്ങളുടെ വിവരം പുറത്തു വന്നപ്പോള്‍ കേരളത്തിനു പുറത്തു നിന്നുള്ളവരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ഉത്തര്‍പ്രദേശിലെ ബാന്തയില്‍നിന്നുള്ള ഭൈരോണ്‍ പ്രസാദ് മിശ്രയാണ്. 1,468 ചര്‍ച്ചകളില്‍, 100 ശതമാനം ഹാജരും ബിജെപിക്കാരനായ ഭൈരോണ്‍ പ്രസാദിനുണ്ട്.

ഭെരോണ്‍ പ്രസാദിനെ കൂടാതെ ബിജെഡി എംപി കുല്‍മണി സമല്‍, ബിജെപി എംപിമാരായ ഗോപാല്‍ ഷെട്ടി, കിരിത് സോളങ്കി, രമേഷ് ചന്ദര്‍ കൗശിക് എന്നിവര്‍ക്കും നൂറു ശതമാനം ഹാജരുളളവരുടെ പട്ടികയില്‍ പെടുന്നു.

545 എംപിമാരില്‍ 133 പേര്‍ക്ക് (25 ശതമാനം) മാത്രമാണ് 90 ശതമാനം ഹാജര്‍നിലയുള്ളത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയ്‌ലി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്ക് 90 ശതമാനത്തിനു മേല്‍ ഹാജരുണ്ട്. 22 എംപിമാര്‍ പകുതി ലോക്‌സഭാ സമ്മേളനങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്.

ഹാജര്‍ നിലയുടെ കാര്യത്തില്‍ മകനേക്കാള്‍ ഭേദം അമ്മയാണെന്നു തെളിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിക്ക് 59 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 54 ശതമാനം ഹാജറുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് പല ദിവസങ്ങളിലും സോണിയയ്ക്ക് സഭയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നത്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകളില്‍ സോണിയ ഗാന്ധി അഞ്ച് ചര്‍ച്ചകളിലും രാഹുല്‍ഗാന്ധി 11 എണ്ണത്തിലും പങ്കെടുത്തു.

പ്രധാനമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സഭയില്‍ ഹാജരാകണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ അവരുടെ ഹാജര്‍ നില ലഭ്യമല്ല. പ്രതിപക്ഷ നേതാവിനും ഇക്കാര്യത്തില്‍ ഇളവുണ്ട്. നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സന്നദ്ധസംഘടന പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.