ഹാജര്‍നിലയില്‍ ‘പിന്നില്‍ നിന്ന് മുന്നില്‍’ ഇന്നസെന്റും, ഷാനവാസും

0
154

ലോക്സഭാ എംപിമാരില്‍ കേരളത്തില്‍ നിന്നുള്ളവരുടെ ഹാജര്‍ നില പുറത്തുവന്നു. ഹാജര്‍നിലയില്‍ പിന്നില്‍ നിന്ന് മുന്നില്‍ നില്‍ക്കുന്നത് ചാലക്കുടി എം.പിയും സിനിമാ താരവുമായ ഇന്നസെന്റും, വയനാട് എംപി എം.ഐ ഷാനവാസുമാണ്. 70 ശതമാനത്തില്‍ താഴെയാണ് ഇരുവരുടേയും ഹാജര്‍. ചോദ്യങ്ങള്‍ ചോദിച്ചതിലും ഇവരാണ് പിറകില്‍. ഏറ്റവും കുറവ് ചര്‍ച്ചകളില്‍ പങ്കെടുത്തത് അഹമ്മദും ഇന്നസെന്റും കെ.വി തോമസുമാണ്.

ലോക്സഭാ എംപിമാരില്‍ ഏറ്റവും മികച്ച ഹാജര്‍നില വടകരയിലെ കോണ്‍ഗ്രസ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പതിനാറാം ലോക്സഭയില്‍ 92 ശതമാനം ഹാജര്‍ നില്ലയുള്ള മുല്ലപ്പള്ളി 467 ചോദ്യങ്ങളും ചോദിക്കുകയും 61 ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. പത്ത് സ്വകാര്യബില്ലുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സന്നദ്ധസംഘടന പുറത്തു വിട്ട കണക്കുകളിലാണ് കേരളാ എംപിമാരുടെ സഭയിലെ സാന്നിധ്യവും പ്രകടനവും വിലയിരുത്തപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഹാജര്‍നിലയില്‍ മുല്ലപ്പള്ളിക്ക് തൊട്ടു പിറകിലുള്ളത് ആലത്തൂര്‍ എംപി പികെ ബിജുവും (89 ശതമാനം) ഇടുക്കി എംപി ജോയ്സ് ജോര്‍ജുമാണ് (87 ശതമാനം).

കണക്കുകള്‍ പ്രകാരം 16-ാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച കേരളാ എംപി പത്തനംതിട്ടയില്‍ നിന്നുള്ള ആന്റോ ആന്റണിയാണ്. 487 ചോദ്യങ്ങള്‍. രണ്ടാം സ്ഥാനം മുല്ലപ്പള്ളിക്ക് (467 ചോദ്യങ്ങള്‍). 413 ചോദ്യങ്ങളുമായി കൊടിക്കുന്നില്‍ സുരേഷ് മൂന്നാം സ്ഥാനത്തുണ്ട്. ലോക്സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ പികെ ബിജുവാണ് മിടുക്കന്‍. 232 ചര്‍ച്ചകളില്‍ അദ്ദേഹം ഇതുവരെ പങ്കെടുത്തു. എന്‍.കെ.പ്രേമചന്ദ്രന്‍ 207 ചര്‍ച്ചകളിലും ജോയ്സ് ജോര്‍ജ് 202 ചര്‍ച്ചകളിലും പങ്കു ചേര്‍ന്നു.

സ്വകാര്യബില്ലുകളുടെ അവതരണത്തില്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ ബഹുദൂരം മുന്നിലാണ്. 15 സ്വകാര്യബില്ലുകളാണ് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ 10 ബില്ലുകള്‍ കൊണ്ടു വന്നു. 11 കേരള എംപിമാര്‍ ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല.