ഇന്ത്യയുടെ അഭിമാനം ‘ഫാറ്റ് ബോയ്’ ഭ്രമണപഥത്തിൽ

0
220

ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എൽവി-മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു. വിക്ഷേപണം വിജയമാണെന്നു ഐഎസ്ആർഒ അറിയിച്ചു. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്. സിഇ 20 എന്ന ക്രയോജനിക് എൻജിനുൾപ്പെടെ സവിശേഷതകൾ പലതാണ്.

ഐഎസ് ആർഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു.ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി.വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ വിക്ഷേപണം. ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എൽ.വി. മാർക്ക് മൂന്ന് ഡി-1 റോക്കറ്റിന്റെ ലക്ഷ്യം.

മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കൻഡിനുള്ളിലാണ് വിക്ഷേപണം പൂർത്തിയാക്കിയത്. ആദ്യഘട്ടം രണ്ടു മിനിറ്റ് 20 സെക്കൻഡിനുള്ളിലും രണ്ടാംഘട്ടം അഞ്ചു മിനിറ്റ് 20 സെക്കൻഡിനുള്ളിലും മുൻ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനായി. ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അവസാനഘട്ടമായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. അഞ്ചു മിനിറ്റ് 22 സെക്കൻഡ് മുതൽ 16 മിനിറ്റ് അഞ്ചു സെക്കൻഡ് വരെയുള്ള ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കി 15 സെക്കൻഡിനുള്ളിൽ ഉപഗ്രഹം വിക്ഷേപണവാഹനത്തിൽ നിന്ന് വേർപെട്ടു.ഐ.എസ്.ആർ.ഒ. ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജി.എസ്.എൽ.വി. മാർക്ക് മൂന്ന്. 640 ടൺ ആണ് ഭാരം. ഉയരം 43.4 മീറ്റർ (ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം).

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുന്നതോടെ നാലു ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാകും.ഭാവിയിൽ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ജി.എസ്.എൽ.വി. മാർക്ക് മൂന്ന് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കുവേണ്ടി ഐ.എസ്.ആർ.ഒ. കേന്ദ്രസർക്കാരിൽനിന്ന് 12,500 കോടി രൂപ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാൽ പത്തുവർഷത്തിനുള്ളിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.ജി.എസ്.എൽ.വി. മാർക്ക് മൂന്ന് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19-ന്റെ ഭാരം 3,136 കിലോഗ്രാമാണ്. കെ.എ./കെ.യു. ബാൻഡ് വാർത്താവിനിമയ ട്രാൻസ്പോണ്ടറുകൾ, ഉപഗ്രഹങ്ങൾക്കുമേൽ ബഹിരാകാശ വികിരണങ്ങൾ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ടോമീറ്റർ എന്നിവയാണ് ‘ജി.സാറ്റ്-19’ വഹിക്കുന്നത്.