എൻ.എസ്.ജി അംഗത്വം : റഷ്യയെ ചാക്കിട്ടു ഇന്ത്യയുടെ വഴി അടയ്ക്കാന്‍ ചൈന

0
135

ആണവദാതാക്കളുടെ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യക്ക് അംഗത്വം നൽകുന്ന വിഷയം റഷ്യയുമായി കൂടിയാലോചിച്ചെന്ന് ചൈന. എന്നാൽ, ഇക്കാര്യത്തിൽ ചൈനയുടെ ഇതുവരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. ചൈനയെ ഇന്ത്യക്ക് അനുകൂലമായി നിലപാടെടുക്കാൻ റഷ്യയെ ഇടപെടുവിക്കുെമന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. റഷ്യയടക്കമുള്ള എൻ.എസ്.ജി അംഗരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടുവരുകയാണെന്നും എന്തുതന്നെയായാലും ഗ്രൂപ്പിന്റെ തത്വങ്ങൾക്ക് അനുസരിച്ചേ പ്രവർത്തിക്കൂവെന്നും ചുൻയിങ് പറഞ്ഞു. ആണവനിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങൾക്ക് എൻ.എസ്.ജിയിൽ അംഗത്വം നൽകണമോയെന്നത് വിവിധ രാഷ്ട്രങ്ങൾ സംയുക്തമായി തീരുമാനിക്കേണ്ട കാര്യമാണ്. അങ്ങനെ അംഗത്വം നൽകാമെന്നാണെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്ന പ്രമേയം എൻ.എസ്.ജി അംഗരാഷ്ട്രങ്ങൾ കൊണ്ടുവരണം. ഈ മാസം സ്വിറ്റ്‌സർലൻഡ് തലസ്ഥാനമായ ബേണിൽ നടക്കുന്ന എൻ.എസ്.ജി പ്ലീനറിയിൽ ക്രിയാത്മക ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത രാജ്യമാണ് ഇന്ത്യ. എങ്കിലും എൻ.എസ്.ജിയിലെ മറ്റ് ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തിന് അനുകൂലമാണ്. എന്നാൽ, ഇന്ത്യക്ക് അംഗത്വമാകാമെങ്കിൽ പാകിസ്താനും നൽകണമെന്ന നിലപാടാണ് കഴിഞ്ഞ വർഷം ജൂണിൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പ്ലീനറിയിൽ ചൈന സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ പാകിസ്താനും എൻ.പി.ടി അംഗരാജ്യമല്ല. അതേസമയം എൻ.എസ്.ജിയിലെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെ പിന്തുണയാർജിക്കാനും പാകിസ്താന് സാധിച്ചിട്ടില്ല. അതോടൊപ്പം പാകിസ്താെൻറ അംഗത്വത്തോട് ഇന്ത്യക്കും ശക്തമായ എതിർപ്പാണുള്ളത്.