കശാപ്പ് നിരോധനം: ബിജെപിയില്‍ നിന്നും വീണ്ടും രാജി

0
91

കശാപ്പിനായി കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്നു വീണ്ടും രാജി. ബച്ചു മറാക്കാണ് പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചത്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ബിയര്‍ ആന്റ് ബീഫ് പാര്‍ട്ടി നടത്തി ആഘോഷിക്കണം എന്ന് ഫെയ്സ് ബുക്കില്‍ അദ്ദേഹം നേരത്തെ കുറിച്ചിരുന്നു.

എന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തെയും അപമാനിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് ബച്ചു തന്റെ രാജി കത്തില്‍ വ്യക്തമാക്കി. ബിജെപി തങ്ങളുടെ ഗാരോ സംസ്‌കാരത്തെയും പാരമ്പര്യത്തേയും ഭക്ഷണ ശീലങ്ങളേയും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോമാംസം തങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്. ബി.ജെ.പിയുടെ മതപരമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് ഗാരോ ഹില്‍സിലെ ബിജെപി ജില്ല പ്രസിഡന്റാണ് ബച്ചു മറാക്. ഈ വിഷയത്തില്‍ രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് ബച്ചു.
നാല് ദിവസം മുമ്പ് വെസ്റ്റ് ഗാരോ ഹില്‍സ് ബിജെപി അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക് സമാന വിഷയം ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിരുന്നു.