കിവീസിന് കൂറ്റൻ വിജയലക്ഷ്യം

0
129

ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് കൂറ്റൻ വിജയലക്ഷ്യം. കളി തീരാൻ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഓൾ ഔട്ടായ ഇംഗ്ലണ്ട് 310 റൺസാണ് അടിച്ചെടുത്തത്. അർധ സെഞ്ചുറി നേടിയ അലക്സ് ഹെയ്ൽസ്, ജോ റൂട്ട്, ജോസ് ബട്ലർ, 48 റൺസ് നേടിയ ബെൻ സ്റ്റോക്ക്സ് എന്നിവരുടെ ബാറ്റിങ്ങാണ ഇംഗ്ലണ്ടിന്റെ റൺസ് 300 കടത്തിയത്.

ഏഴാം ഓവറിൽ 13 റൺസെടുത്ത ജെയ്സൺ റോയിയെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനായി രണ്ടാം വിക്കറ്റിൽ ഹെയ്ൽസും റൂട്ടും ഒത്തുചേരുകയായിരുന്നു. ഇരുവരും 13 ഓവറിൽ 81 റൺസ് അടിച്ചെടുത്തു. പിന്നീട് നാലാം വിക്കറ്റിൽ റൂട്ടും സ്റ്റോക്ക്സും ചേർന്ന് 54 റൺസ് ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം ചേർത്തു.

കളി അവസാന ഓവറുകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണുകൊണ്ടിരുന്നെങ്കിലും ജോസ് ബട്ലർ ഒരറ്റത്ത് പിടിച്ചു നിന്നു. 48 പന്തിൽ പുറത്താകാതെ 61 റൺസാണ് ബട്ലർ അടിച്ചെടുത്തത്. നിർണായകമായ എട്ടാം വിക്കറ്റിൽ പ്ലങ്കറ്റിനോടൊപ്പം ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. സൗത്തിയെറിഞ്ഞ അവസാന ഓവറിൽ മാർക്ക് വുഡും ജെയ്ക്ക് ബാളും അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 50 ഓവർ തൊടുംമുമ്പ് അവസാനിക്കുകയായിരുന്നു. ഇരുവരും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. കോറി ആൻഡേഴ്സണും ആദം മിൽനയും ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.