കേന്ദ്ര സര്‍വകലാശാലയ്ക്ക് ഗുരുവിന്‍റെ പേരില്ല, പ്രഹരം ഏല്‍ക്കുന്നത് വെള്ളാപ്പള്ളിക്ക്

0
197

കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേരിടില്ല എന്ന കേന്ദ്ര തീരുമാനം പ്രഹരം ഏല്‍പ്പിക്കുക എസ്.എന്‍.ഡി.പി നേതൃത്വത്തിന്. വെള്ളാപ്പള്ളിയും കൂട്ടരും ബിജെപി സഹവാസത്തിന് തയ്യാര്‍ എടുത്തപ്പോള്‍ മുതല്‍ അവര്‍ ഉയര്‍ത്തിയിരുന്ന ആവശ്യമാണ്‌ ഗുരുവിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാല എന്നത്. പലവട്ടം പ്രധാനമന്ത്രിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കണ്ടു വെള്ളാപ്പള്ളിയും കൂട്ടരും ആവശ്യപെട്ട ഒന്നാണ് സാങ്കേതീക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ഒഴിവാക്കുന്നത്.  സംസ്ഥാനത്തെ ഹിന്ദു വികാരം ഉണര്‍ത്താന്‍ ഹൈന്ദവ സംഘടനകളും ഇടതു വലതു മുന്നണികള്‍ ഈഴവ വികാരം പരിഗണിക്കുന്നില്ല എന്ന് കാണിക്കാന്‍ വെള്ളാപ്പള്ളിയും കൂട്ടരും കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാല വന്നപ്പോള്‍ മുതല്‍ ഉയര്‍ത്തിയ ആവശ്യമാണ്‌ ഇപ്പോള്‍ മുനയോടിഞ്ഞു പോകുന്നത്.

ബിജെപി പാളയത്തില്‍ എത്തിയ ശേഷം വെള്ളാപ്പള്ളി നടേശന്‍ ഓരോ വട്ടവും മൈക്ക് എടുക്കുമ്പോള്‍ പറയുന്ന ഒന്നായിരൂന്നു കേന്ദ്ര സര്‍വകലാശാലയും ഗുരുവിന്‍റെ നാമവും. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അദൃശ്യ പിന്തുണയുമായി യോഗം രംഗത്ത്‌ വന്നപ്പോള്‍ ഓരോ ഈഴവ വീടുകളിലും നമ്മെ പരിഗണിക്കുന്നവരെ നാമും പരിഗണിക്കും എന്ന് പറയാന്‍ ഈ ആവശ്യം ആണ് പ്രധാനമായും ഉയര്ത്തിയിരുന്നതും. കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമ അനാശ്ചാദന വേളയിലും ബിജെപി ദേശീയ കൌണ്‍സില്‍ യോഗം കോഴിക്കോട് ചേര്‍ന്നപ്പോള്‍ നടത്തിയ പൊതു സമ്മേളനത്തിലും ഒക്കെ ഇത്തരം ഒരു പ്രഖ്യാപനം വെള്ളാപ്പള്ളിയും കൂട്ടരും കാത്തിരിക്കുകയും ചെയ്തു. കൊല്ലത്ത് പ്രധാനമന്ത്രിയെ വേദിയില്‍ ഇരുത്തി വെള്ളാപ്പള്ളി ആവശ്യപെട്ട കാര്യങ്ങളില്‍ മുഖ്യമായ ഒന്നായിരുന്നു ഇത്. കേരളം ഒട്ടാകെ വെള്ളാപ്പള്ളി സ്ഥിതി സമത്വ യാത്ര നടത്തിയപ്പോള്‍ ഓരോ മൈക്ക് പോയിന്റിലും എത്തിയ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് ജെനറല്‍ സെക്രട്ടറി നല്‍കിയ ഉറപ്പു കൂടിയായിരുന്നു ഈ പേരിടല്‍ . പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശന വേളയില്‍ ശിവഗിരിയില്‍ നിന്നും ഇത്തരം ഒരു ആവശ്യം ഉയര്‍ന്നിരുന്നു എന്നതിനാല്‍ പ്രഖ്യാപനം  വന്നാല്‍ ഉടന്‍ അതിന്‍റെ ക്രഡിറ്റ് അടിക്കാനുള്ള കച്ചമുറുക്കലില്‍ ആയിരുന്നു വെള്ളാപ്പള്ളി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പടെ വെള്ളാപ്പള്ളി എന്‍.ഡി.എ ക്ക് എതിരായ നിലപാട് വ്യക്തമാക്കിയതിന്റെ കാരണം ഈ പ്രഖ്യാപനം വൈകുന്നതാണ് എന്നും പരസ്യമായതാണ്. ഇത്തരത്തില്‍ പരസ്യമായി പറഞ്ഞ ഒരു ആവശ്യമാണ്‌ തള്ളപെടുന്നത് എന്നത് വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും ന്യായീകരിക്കാന്‍ പാടുള്ള ഒന്നാകും.

കേരളത്തിലെ കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദേശം കേന്ദ്രം തള്ളിയതായി ലോകസഭയില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് വെളിവായത്.പുതുതായി തുടങ്ങുന്ന എല്ലാ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അതത് സംസ്ഥാനങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരിടുക എന്ന നയമാണ് നടപ്പാക്കുന്നതെന്ന് മാനവശേഷിമന്ത്രി പ്രകാശ് ജാവഡേക്കർ, കൊടിക്കുന്നിൽ സുരേഷ് എം.പി.യെ അറിയിച്ചു. വിഷയം നേരത്തേ ലോക്സഭയിൽ ഉന്നയിച്ചതിന് കഴിഞ്ഞദിവസം രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് മഹദ്വ്യക്തിയുടെ പേരുനൽകിയാൽ മറ്റിടങ്ങളിൽനിന്നും അതുപോലുള്ള ആവശ്യങ്ങളുയരുമെന്ന് മന്ത്രി പറഞ്ഞു.

പാർലമെന്റിൽ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നകാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പാർലമെന്ററികാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ച് മന്ത്രലായം ലോക്സഭാ സെക്രട്ടേറിയറ്റിന് വിഷയം കൈമാറി. പ്രതിമകളുടെ കാര്യം തീരുമാനിക്കുന്ന സമിതി ഇനി അത് പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.ലോക്സഭാ സ്പീക്കറാണ് സമിതിയുടെ അധ്യക്ഷ. വിഷയം ലോക്സഭാ സെക്രട്ടേറിയറ്റിന് വിട്ടിട്ടുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രാലയം കെ.വി. തോമസ് എം.പി.യെ അറിയിച്ചു. ഗുരുവിന്റെ പ്രതിമ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.