കർഷക സമരത്തിനു നേരെ വെടിവയ്പ്പ്: മരണം നാലായി, പ്രതിഷേധം കനക്കുന്നു

0
232

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ കർഷകരുടെ പ്രതിഷേധ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 4 കർഷകർ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പശ്ചിമ മധ്യപ്രദേശിലെ മൻദസൂരിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കർഷക സമരത്തിന് നേരെയാണ് പൊലീസ് വെടിവച്ചത്.

കഴിഞ്ഞ നാലു ദിവസമായി കർഷകർ നടത്തിവന്ന സമരമാണ് അക്രമത്തിൽ കലാശിച്ചത്. ഉള്ളി, പരിപ്പ് ഉൾപ്പെടെയുള്ള തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കണം, കാർഷിക കടങ്ങൾ എഴുതി തള്ളണം തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ. സമരം തിങ്കളാഴ്ച അർധരാത്രിയോടെ അക്രമാസക്തമാവുകയായിരുന്നു. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായതായാണ് റിപ്പോർട്ട്.

സംഘർഷത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൽ, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി. സംഘർഷത്തെ തുടർന്ന് മൻദസൂരിൽ പിപീല മാൻഡിയിലും കർഫ്യൂ ഏർപെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കർഷകർ 12,000 ലീറ്റർ പാൽ റോഡിൽ ഒഴുക്കിക്കളഞ്ഞു. എന്നാൽ കർഷകർക്ക് നേരെ പൊലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ല എന്നാണ് സർക്കാർ നിലപാട്. സംഭവത്തിൽ പ്രതിഷേധിച്ച് മധ്യപ്രദിേൽ നാളെ ബന്ദിന് ആഹ്വാനം ചെയ്തു.