ഖത്തർ പ്രതിസന്ധി: മധ്യസ്ഥ ശ്രമവുമായി തുർക്കിയും കുവൈത്തും

0
143

നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട ഖത്തറിലെ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമവുമായി കുവൈത്തും തുർക്കിയും.ഗൾഫ് രാജ്യങ്ങളുമായി അടുത്തബന്ധം പുലർത്തുന്ന തുർക്കിയാണ് ആദ്യം പരിഹാരശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. തുർക്കി പ്രസിഡന്റ് റേസെപ് തയിപാണ് ചർച്ചകൾനടത്തുന്നത്.

ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള ഭിന്നതയിൽ ദു:ഖിതനാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി മേവുളു കവുസോഗുളു അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തുർക്കി തയാറാണ്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം.’രാജ്യങ്ങൾ തമ്മിൽ ചിലപ്പോൾ ചില പ്രശ്നങ്ങളുണ്ടാകാം. എന്നാൽ ഏത് സാഹചര്യത്തിലും ചർച്ചകൾ തുടരണം, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും വേണം. ഗൾഫ് മേഖല സാധാരണനിലയിലാക്കാൻ എല്ലാ പിന്തുണയും നൽകും’-കവുസോഗുളു പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുള്ള മറ്റൊരു രാജ്യം കുവൈത്താണ്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് കുവൈറ്റിലെ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. കുവൈറ്റ് അമീർ ഖത്തർ അമീറുമായി സംസാരിച്ചു. പ്രകോപനമുണ്ടാക്കുന്ന നടപടികളൊന്നും തത്കാലം സ്വീകരിക്കരുതെന്ന് കുവൈറ്റ് അമീർ ഖത്തറിനോട് ആവശ്യപ്പെട്ടു.മെക്ക ഗവർണർ ഖാലിദ് അൽ ഫൈസലിനെ സൗദി ചർച്ചകൾക്കായി കുവൈറ്റിലേക്ക് അയച്ചു. പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നിൽക്കുന്ന ഒമാനും നയതന്ത്രപ്രതിനിധിയെ ദോഹയിലേക്ക് ചർച്ചകൾക്കായി അയച്ചു.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യപൂർവദേശത്തേക്കുള്ള സന്ദർശനവേളയിൽ നടത്തിയ ഇടപെടലാണ് ഗൾഫ് രാജ്യങ്ങളെ തിടുക്കത്തിൽ ഈ നടപടിയിലേക്ക് നയിച്ചതെന്നും ഇറാൻ പറയുന്നു.ഏഴ് രാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ചെങ്കിലും ഖത്തറിലെ സൈനിക കേന്ദ്രം അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ, ഇറാക്ക്, സിറിയ എന്നിവടങ്ങളിലേക്കുള്ള സൈനിക നീക്കത്തിനായിട്ടാണ് അമേരിക്ക ഖത്തറിലെ താവളം ഉപയോഗിച്ചുവരുന്നത്. പതിനായിരത്തോളം കരസേനാംഗങ്ങളാണ് ഇവിടെയുള്ളത്.