ബിജെപി നടത്തിയ അഞ്ച് കോടിയുടെ അഴിമതി പുറത്ത്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ്

0
321

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി കൈകാര്യം ചെയ്യുന്ന നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ ഗുരുതര അഴിമതി ആരോപണം. നഗരസഭയ്ക്ക് 5 കോടിയോളം രൂപയുടെ നഷ്ടം വരുത്തി ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കി. സമിതി അധ്യക്ഷയായ ബിജെപി നേതാവ് സിമി ജ്യോതിഷ് അഴിമതിക്കായി സെക്രട്ടറിയുടെ അധികാരം കവര്‍ന്നെടുത്തു. ബിജെപിയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയുടെ നിയന്ത്രണത്തിലുള്ള നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കും അധ്യക്ഷ സിമി ജ്യോതിഷിനുമെതിരെ ഗുരുതര ആരോപണമാണ് എല്‍ഡിഎഫ് ഉന്നയിച്ചത്. നിയമ വിരുദ്ധമായി ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് 4.93 കോടി രൂപയുടെ നികുതി ഇളവ് നല്‍കി. ഇതിന് തേജസ്വിനിക്ക് നികുതി നിര്‍ണ്ണയിച്ച സെക്രട്ടറിയുടെ മുന്‍ ഉത്തരവ് അട്ടിമറിച്ചു.

ഇല്ലാത്ത അധികാരമുപയോഗിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഉത്തരവിറക്കി. വാര്‍ഷുക വാടക മൂല്യത്തിന്റെ 18 ശതമാനം വസ്തു നികുതി ചുമത്തിയ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കി. 2008ലെ നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായാണ് 2016 ഡിസംബറില്‍ ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനമെടുത്തത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനം സെക്രട്ടറി, മേയര്‍, നഗരസഭാ കൗണ്‍സില്‍ എന്നിവരെ ഒരാളെപ്പോലും അറിയിച്ചില്ല. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 22ാം വകുപ്പിന് വിരുദ്ധമാണ്. തീരുമാനം നിയമപരമെന്ന് വരുത്താന്‍ നഗരസഭയുടെ പാനലിന് പുറത്തുള്ള അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി.

നികുതി ഇളവ് നല്‍കിയതിന് നന്ദി അറിയിച്ച് തേജസ്വിനി മേയര്‍ക്ക് കത്ത് നല്‍കിയതോടെയാണ് ബിജെപി നടത്തിയ കോടികളുടെ അഴിമതി പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അപാകതയും കണ്ടെത്തി. തീരുമാനം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണ്. നിയമ വിരുദ്ധമായാണ് പാനല്‍ അഭിഭാഷകര്‍ക്ക് പുറത്തുനിന്ന് നിയമോപദേശം തേടിയതെന്നും കണ്ടെത്തി.

ഈ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് നടത്തിയ അഴിമതിയും ഗൂഡാലോചനയും വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ബിജെപി പ്രതിനിധിയും സമിതി അധ്യക്ഷയുമായ സിമി ജ്യോതിഷ് രാജിവെയ്ക്കണമെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 7.6.17 രാവിലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും. ജൂണ്‍ 27ന് വാര്‍ഡ് തലത്തില്‍ പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.