ബിജെപി പൂർണ്ണമായും സവർണ ലോബിയുടെ പിടിയിൽ: വെള്ളാപ്പള്ളി

0
354

മനോജ്

എൻഡിഎയ്ക്ക് മുന്നിൽ താൻ തീർത്തും അപ്രസക്തനാണെന്ന അമിത് ഷായുടെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 24 കേരളയോട് പറഞ്ഞു.വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയുടെ നേതാവാണ്. എൻഡിഎയുടെ നേതാവല്ല. ബിഡിജെഎസ് നേതാവല്ല, ഘടകകക്ഷിയല്ല. അപ്പോൾ എൻഡിഎയ്ക്ക് മുന്നിൽ വെള്ളാപ്പള്ളി അപ്രസക്തൻ എന്ന അമിത് ഷായുടെ നിഗമനത്തോട് യോജിക്കുന്നു. വെള്ളാപ്പള്ളി പറയുന്നു.
അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുമ്പോൾ കേരളത്തിലെ ബിജെപിയെക്കുറിച്ച് പറയാതെ വയ്യ. കേരളത്തിലെ ബിജെപി ഒരു വാട്ടർ ടൈറ്റ് കമ്പാർട്ട്‌മെന്റ് ആണ്. സവർണ്ണ ലോബിയുടെ ആധിപത്യമാണ് കേരളത്തിലെ ബിജെപിയിൽ നടമാടുന്നത്. ബിഡിജെഎസ് രൂപവത്ക്കരിക്കുമ്പോൾ ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ. കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് ഇടണം. അത് ബിജെപി തലകുലുക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യ പ്രസ്താവന നടത്തിയതാണ്. എന്നിട്ട് എന്തായി. കാസർകോട് കേന്ദ്ര സർവ്വകലാശാലയ്ക്ക് നാരായണ ഗുരുവിന്റെ പേര് വന്നോ? ഇല്ലല്ലോ.
അമിത് ഷായോട് പറയാനുള്ളത് എൻഡിഎ പോയിട്ട് വെള്ളാപ്പള്ളി നടേശൻ ഒരു പാർട്ടിയുടെയും, വക്താവല്ല. സാമൂഹിക സമത്വത്തിനു നിലകൊള്ളുന്ന നേതാവാണ്. അപ്പോൾ വെള്ളാപ്പള്ളി എൻഡിഎയുടെ മുന്നിൽ അപ്രസക്തനാണെന്ന അമിത് ഷായുടെ നിഗമനം പൂർണ്ണമായും ശരിയാണ്.
ബിഡിജെഎസിന് ശിലയിട്ടതും, മുന്നോട്ടു കൊണ്ടുപോയതും ഒക്കെ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്. അപ്പോൾ ബിഡിജെഎസിന് കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തുന്നത് ശരിയായിരിക്കില്ല. സാമൂഹിക നീതിക്ക് വേണ്ടി ഒരു കൊടിയുയർത്തേണ്ട ഘട്ടം വന്നപ്പോൾ ആ കൊടി ഉയർത്തിപ്പിടിച്ച നേതാവാണ് വെള്ളാപ്പള്ളി. ആ കൊടി ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നു.
ഞാൻ കൊടിയുയർത്തിയപ്പോൾ അതിൽ വിവിധ സാമൂഹിക -മത നേതാക്കൾ ഉണ്ടായിരുന്നു. മുസ്ലിങ്ങളും, തിരുമേനിമാരും ഉണ്ടായിരുന്നു, അത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള കൊടിയുയർത്തൽ ആണ്. സാമൂഹിക നീതിക്ക് വേണ്ടി ഇനിയും കൊടി ഉയർത്തേണ്ട ഘട്ടം വന്നാൽ ഇനിയും കൊടി ഉയർത്തും. വെള്ളാപ്പള്ളി പറഞ്ഞു.