ഭൂമി ഏറ്റെടുക്കല്‍; രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളി നിയമവകുപ്പ്

0
98

ഹാരിസണ്‍, ടാറ്റ എന്നി കമ്പനികള്‍ അടക്കമുളളവയുടെ തോട്ടഭൂമി ഏറ്റെടുക്കണമെന്ന ഡോ.എം.ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തളളി. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതികള്‍ക്ക് മാത്രമെ കഴിയുകയുളളൂവെന്നും രാജമാണിക്യത്തിന്റെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നടപടി. പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണിതെന്നും നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.

വന്‍കിട തോട്ടങ്ങളെ അനധികൃത കൈയേറ്റമായി കാണാനാകില്ലെന്നും രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. നിയമനിര്‍മ്മാണം വേണ്ടി വന്നാല്‍ ചോദ്യം ചെയ്യപ്പെടും. ഹാരിസണ്‍ ഉള്‍പ്പെടെയുളള കമ്പനികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടില്ലെന്നും അവരുടെ പക്കലുളള ഭൂമി കൈവശ ഭൂമിയായെ കണക്കാക്കാന്‍ കഴിയുവെന്നും കത്തില്‍ പറയുന്നു.

ആവശ്യമെങ്കില്‍ വന്‍കിട തോട്ടങ്ങളും കൈയേറ്റങ്ങളും ഏറ്റെടുക്കുന്നതിനായി പുതിയ നിയമം ആകാം. ഇതിനായി കോടതികള്‍ സ്ഥാപിക്കേണ്ടി വരും. കോടതികള്‍ വഴിയെ ഭൂമി തിരിച്ച് പിടിക്കാനാകൂവെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. അതേസമയം പുതിയ നിയമത്തിനായി റവന്യു വകുപ്പ് അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുമുണ്ട്.