മതവിദ്വേഷ പ്രസംഗം; തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ തടസമെന്തെന്ന് കോടതി

0
956

മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവൻ പ്രവീൺ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് , അക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ഹൊസ്ദുർഗ് ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് കോടതി. തൊഗാഡിയയെ കണ്ടുകിട്ടുന്നിലെന്ന പൊലീസ് റിപ്പോർട് തള്ളിയാണ്, 23ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്.

2011 എപ്രിൽ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന വിശ്വഹിന്ദു പരിഷിത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗമാണ് കേസിനിടയാക്കിയത്. ഇതിന്റെ വിഡിയേ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 23 സാക്ഷികളാണ് കേസിലുള്ളത്. ഈ കേസിലെ പ്രതി പ്രവീൺ തൊഗാഡിയ ഹാജരാകാത്തതിനാൽ കോടതി പലവട്ടം അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.

ഓരോ അവധിക്കും ”പ്രതിയെ കണ്ടു കിട്ടിയില്ലെന്ന”പൊലീസ് റിപ്പോർട്ടു ഫയൽ ചെയ്യുകയാണ് പതിവ്. ചൊവ്വാഴ്ചയും കേസ് കോടതിയിലെത്തിയപ്പോൾ പതിവുപല്ലവി ആവർത്തിച്ചു. ഇതോടെയാണ് ഒരു ദേശീയ പാർട്ടിയുടെ നേതാവിനെ കണ്ടു കിട്ടുന്നില്ലന്നോ? എന്ന ചോദ്യം ഉന്നയിച്ച് ‘ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടത്.