യോഗിയുടെ സന്ദര്‍ശനം; ആശുപത്രിയില്‍ സജ്ജീകരിച്ചത് 20 കൂളറുകള്‍

0
103

അലഹബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അലഹബാദിലെ ഒരു ആശുപത്രിയില്‍ സജ്ജീകരിച്ചത് 20 കൂളറുകള്‍. തനിക്ക് വേണ്ടി അനാവശ്യമായി വി.വി.ഐ.പി സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നും ലളിതമായി ജീവിക്കാനറിയാമെന്നും യോഗി പ്രസ്താവിച്ച് 24 മണിക്കൂറുകള്‍ക്കകമാണിത്.

ഞായറാഴ്ച അലഹബാദ് സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലാണ് യോഗിക്കായി പ്രത്യേകം കൂളറുകള്‍ സജ്ജമാക്കിയത്. അദ്ദേഹം സന്ദര്‍ശിക്കാനിരുന്ന വാര്‍ഡില്‍ മാത്രമായിരുന്നു അത്. യോഗി പോയതിനു പിന്നാലെ കൂളറുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം സന്ദര്‍ശിക്കാനാണ് യോഗി എത്തിയത്. യോഗി തിരിച്ചു പോയ ശേഷം കൂളറുകള്‍ റിക്ഷകളില്‍ കൊണ്ടു പോവുന്നതിന്റെ ചിത്രങ്ങള്‍ ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ചിത്രം കണ്ട മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തു കൊണ്ടു വരികയായിരുന്നു.

ഏതായാലും കടുത്ത ചൂടില്‍ ഉരുകുന്ന ആശുപത്രിയിലെ രോഗികള്‍ക്ക് വലിയ ആശ്വസമായി യോഗിയുടെ സന്ദര്‍ശന വേളയില്‍ മാത്രം സ്ഥാപിച്ച കൂളറുകള്‍.
കൂളറുകള്‍ സ്ഥാപിച്ചപ്പോള്‍ രോഗികള്‍ക്ക് വലിയ ആശ്വസമായിരുന്നുവെന്നും യോഗിയെ പ്രീതിപ്പെടുത്താനാണ് ഇതെല്ലാം ഒരുക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരു രോഗിയുടെ ബന്ധു പറഞ്ഞു.

നേരത്തെ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ പ്രത്യേക കസേരകളും എയര്‍ കണ്ടീഷനുകളും കൊണ്ടുവന്നതും പരവതാനി വിരിച്ചതും സന്ദര്‍ശന ശേഷം ഇതെല്ലാം തിരികെ കൊണ്ടുപോയതുമൊക്കെ വലിയ വിവാദമായിരുന്നു. ഇതിനെതിരെ ജവാന്റെ കുടുംബവും യോഗിക്കെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം, ആശുപത്രയിലെ കൂളറുകള്‍ നനന്നക്കാനായി കൊണ്ടു പോവുന്നതാണ് ചിത്രത്തിലുള്ളതെന്നും വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.