വിവാദ യൂണിഫോം സ്‌കൂൾ അധികൃതർ നിരുപാധികം മാറ്റി

0
120

ഈരാട്ടുപേട്ട സെന്റ് അൽഫോൺസാ സ്‌കൂളിലെ പെൺകുട്ടികളുടെ യൂണിഫോം മാറ്റാൻ തീരുമാനമായി. യൂണിഫോമിനെക്കുറിച്ച് വ്യാപകപരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. യൂണിഫോം മാറുന്നതിനുള്ള ചിലവും സ്‌കൂൾ അധികൃതർ വഹിക്കും.

യൂണിഫോമിലെ ഓവർക്കോട്ടിനെക്കുറിച്ചാണ് വ്യാപകപരാതി ഉയർന്നത്. പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന നിലയിൽ സാമുഹ്യമാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ പ്രതിഷേധവും ശക്തമായി. സംസ്ഥാന ബാലാവകാശകമ്മീഷനിലും പരാതി നൽകി. വിദ്യാർത്ഥിയുവജനസംഘടനകൾ സ്‌കൂളിലേക്ക് പ്രകടനവും നടത്തിയിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ തീരുമാനിച്ച അന്വേഷണസമിതി നൽകിയ യൂണിഫോം മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ ചെലവ് തങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെയാണ് ഇക്കാര്യവും സ്‌കൂൾ അധികൃതർ ഏറ്റെടുത്തത്. യൂണിഫോമിനെക്കുറിച്ചുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു അധികൃതരുടെ ആദ്യനിലപാട്. എന്നാൽ പിടിഎ യോഗത്തിൽ രക്ഷിതാക്കൾ ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാടെടുക്കുയായിരുന്നു.