സന്നാഹമൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് രണ്ടു ഗോൾ ജയം

0
149

ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ട് പോരാട്ടത്തിനു മുന്നോടിയായുള്ള സന്നാഹമൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വടക്കു കിഴക്കൻ അയൽക്കാരെ ഇന്ത്യ തുരത്തിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. സന്ദേശ് ജിങ്കാൻ (60), ജെജെ ലാൽപുഖൂലെ (78) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ക്യാപ്റ്റൻ ബിറാജ് മഹാർജൻ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് നേപ്പാൾ മൽസരം പൂർത്തിയാക്കിയത്. ബെംഗളൂരുവിൽ 13ന് കിർഗിസ്ഥാനെതിരെയാണ് ഇന്ത്യയുടെ എഎഫ്‌സി കപ്പ് ഗ്രൂപ്പ് എ യോഗ്യതാ പോരാട്ടം.

ക്യാപ്റ്റൻ സുനിൽ ഛേത്രി, മലയാളി താരം സി.കെ. വിനീത് എന്നിവരെക്കൂടാതെയാണ് നേപ്പാളിനെതിരായ മൽസരതതിൽ ഇന്ത്യ ഇറങ്ങിയത്. അതേസമയം, മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ ഇടം നേടി. ആദ്യ പകുതിയിൽ തീർത്തും മോശം പ്രകടനമായിരുന്നു ഇന്ത്യയുടേത്. ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതിൽ സ്‌ട്രൈക്കർമാരാ റോബിൻ സിങ്ങിനും ജെജെയ്ക്കും പിഴച്ചതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസമേകിയ ഗോളുകളെത്തിയത്. നേപ്പാൾ ഗോൾമുഖത്തെ നീക്കത്തിനൊടുവിൽ സന്ദേശ് ജിങ്കാന്റെ ഹാഫ് വോളി നേപ്പാൾ വലയിൽ കയറുമ്പോൾ മുംബൈ ഫുട്‌ബോൾ അരീനയിലെ ആരാധകക്കൂട്ടം ആർത്തലച്ചു. സ്‌കോർ 1-0. 78-ാം മിനിറ്റിൽ ജെജെയിലൂടെ ഇന്ത്യ ലീഡ് വർധിപ്പിച്ചു. മുഹമ്മദ് റഫീഖിൽനിന്നുള്ള പാസ് സ്വീകരിച്ച് ജെജെ തൊടുത്ത ഷോട്ട് നേപ്പാൾ വല കുലുക്കി. സ്‌കോർ 2-0.

ഇതോടെ, 18 വർഷമായി ഇന്ത്യയെ തോൽപിക്കാനായിട്ടില്ലെന്ന ‘റെക്കോർഡ്’ നേപ്പാൾ നിലനിർത്തി. 1999 സാഫ് ഗെയിംസിലായിരുന്നു ഇന്ത്യ അവസാനമായി നേപ്പാളിനോടു തോറ്റത്; 4-0. അതിനു ശേഷം ഒൻപതു വട്ടം ഇരുടീമും കളത്തിൽ കണ്ടുമുട്ടി. രണ്ടു സമനിലകളൊഴിച്ചാൽ ബാക്കിയെല്ലാ മൽസരത്തിലും ഇന്ത്യ ആധികാരികമായി ജയിച്ചു. 2015 ഡിസംബറിൽ സാഫ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ 4-1നു നേടിയ വിജയമായിരുന്നു അതിൽ ഒടുവിലത്തേത്.