എയര്‍ ഇന്ത്യയുടെ അനാസ്ഥ; ഗവർണ്ണർ വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ

0
129

എയര്‍ ഇന്ത്യയുടെ അനാസ്ഥയില്‍ കേരള ഗവര്‍ണ്ണര്‍ ഒന്നര മണിക്കൂര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. തിരുവനന്തപുരത്തേക്കുള്ള ഗവര്‍ണ്ണറുടെ യാത്രയാണ് പ്രതിസന്ധിയിലായത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. മലപ്പുറം താനൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോകാനാണ് ഗവര്‍ണ്ണര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പതിനൊന്ന് മണിക്കുളള എയര്‍ ഇന്ത്യവിമാനത്തിലായിരുന്നു യാത്ര. ദോഹയില്‍ നിന്നുള്ള കണക്ഷന്‍ വിമാനത്തിലെ യാത്രക്കാരെ കൂടി കയറ്റിയാണ് വിമാനം തിരുവനന്തപുരത്തേക്ക് പോകുക. പതിനൊന്ന് മണിക്ക് മുന്‍പ് എത്തേണ്ട ദോഹ വിമാനം 11. 50നാണ് കരിപ്പൂരിലെത്തിയത്. പരിശോധന നടപടികള്‍ കഴിഞ്ഞ് യാത്രക്കാര്‍ വിമാനത്തിലെത്തിയപ്പോഴേക്കും പന്ത്രണ്ട് മണി കഴിഞ്ഞു. ഈ സമയം ജോലി കഴിഞ്ഞെന്നറിയിച്ച് തിരുവനന്തപുരം വിമാനത്തിന്‍റെ പൈലറ്റ് ഇറങ്ങിപോയി. തുടര്‍ന്ന് മറ്റൊരു പൈലറ്റിനെ സംഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെടുമ്പോഴേക്കും സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ച ഗവര്‍ണ്ണര്‍ അവരോട് വിശദീകരണം തേടും. സംഭവത്തോട് എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.