എ.കെ.ജി സെൻറർ ആക്രമണം: സംഘപരിവാരിന്റെ മാരീചവേഷം ഇതാദ്യമല്ല

0
2071

രാഷ്ട്രീയകാര്യ ലേഖകന്‍

വർഗീയ വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന സി.പി.എം നേതാക്കളെ പോലെ തന്നെ ഭായ് വീർ മാർഗിൽ സ്ഥിതി ചെയ്യുന്ന സി.പി.എം കേന്ദ്രകമ്മറ്റി ഓഫീസും എക്കാലവും സംഘപരിവാറുകാരുടെ കണ്ണിലെ കരടായിരുന്നു…ഒന്നും രണ്ടുമല്ല, ഇന്ത്യയിലെ അംഗീകൃത ദേശീയ പാർട്ടികളിൽ ഒന്നായ സി.പി.എം കേന്ദ്ര കമ്മറ്റി ഓഫീസിൽ പലവട്ടമാണ് സംഘപരിവാറുകാർ ആക്രമണം നടത്തിയത്. ഓരോ വട്ടവും സി.പി.എം നേതാക്കൾക്കെതിരെ ആക്രമണ ആഹ്വാനങ്ങൾ നടത്തുമ്പോഴും ഡൽഹിയിൽ കേന്ദ്രകമ്മറ്റി ഓഫീസിൽ കാലുകുത്തിക്കില്ല എന്ന വീമ്പു പറച്ചിൽ നടത്തുമ്പോഴും എ.കെ.ജി സെൻറർ ആക്രമിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സി.പി.എം പ്രവർത്തകരെ വിരട്ടാൻ ആയിരുന്നു സംഘപരിവാര ശ്രമം.

ഇതാദ്യമായല്ല സംഘപരിവാർ സി.പി.എം കേന്ദ്ര കമ്മറ്റി ഓഫീസ് ആക്രമിക്കുന്നത്. പലവട്ടം പല സംഘടനകളുടെ പേരിലും രൂപത്തിലും മരീച്ചന്മാരെ പോലെ വന്ന അവർ പക്ഷേ, ഇതുവരെ തങ്ങളുടെ സംഘടിത രൂപമായ ആർ.എസ്.എസിന്റെയോ ബിജെപിയുടെയോ മുഖത്തോടെ ആക്രമിക്കാൻ തുനിഞ്ഞിട്ടില്ല എന്ന് മാത്രം. ഇക്കുറി ഹിന്ദു സേനയുടെ പേരിലാണ് യെച്ചൂരിയെ കേന്ദ്രകമ്മറ്റി ഓഫീസിൽ കേറി ആക്രമിച്ചത് എങ്കിൽ മാസങ്ങൾക്ക് മുൻപ് ആംആദ്മി സേനയുടെ പേരിലായിരുന്നു ഓഫീസ് ആക്രമണം എന്ന് മാത്രം. അതായത് തങ്ങളുടെ യഥാർത്ഥ സ്വത്വം വെളിവാക്കികൊണ്ട് ഒരു നേർക്കുനേർ പോരാട്ടത്തിനു ശ്രമിക്കാതെ ഏതൊക്കെയോ കടലാസ് സംഘടനകളുടെ ശിഖണ്ടി പേരുകളിൽ എ.കെ.ജി ഭവൻ ആക്രമിക്കുകയായിരുന്നു സംഘപരിവാർ.
ഇതാദ്യമായിട്ടല്ല യെച്ചൂരിയെ ലക്ഷ്യമിട്ട് കേന്ദ്രകമ്മറ്റി ഓഫീസിൽ ആക്രമണം നടക്കുന്നത്. ഇന്ന് പി.ബി യോഗം നടന്ന ശേഷമാണ് ആക്രമണം നടന്നത് എങ്കിൽ 2008 ൽ കേന്ദ്ര കമ്മറ്റി യോഗം നടക്കുമ്പോൾ ആയിരുന്നു സമാനമായി ആക്രമണം നടന്നത്. അന്ന് യെച്ചൂരി, കേന്ദ്രകമ്മിറ്റി അംഗം പുഷ്പിന്ദർ ഗ്രെവാൾ എന്നിവരുടെ കാറുകൾ അടിച്ചു തകർത്ത ഇരുനൂറോളം പേർ വരുന്ന അക്രമി സംഘം അഞ്ചു മുതിർന്ന നേതാക്കൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആക്രമണം പൊലീസിനു നേർക്കായപ്പോഴാണ് കണ്ണീർവാതകം പ്രയോഗിച്ച് അക്രമികളെ പിരിച്ചു വിടാൻ ഡൽഹി പോലീസ് തയ്യാറായത്. കേരളത്തെ പാകിസ്ഥാൻ എന്നും ബീഫിസ്ഥാൻ എന്നുമൊക്കെ മുദ്ര കുത്തുന്ന സംഘപരിവാരുകാർ എ.കെ.ജി സെന്ററിന്റെ തിരുനെറ്റിയിൽ പാകിസ്ഥാൻ എന്ന മുദ്ര പതിച്ചു നൽകാനും 2016 ൽ സംഘികൾ ശ്രമിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന സംഭവങ്ങൾക്ക് പിന്നാലെയാണ് എ.കെ.ജി ഭവനുനേരെ ആക്രമണം. ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളുടെ ഭാഗമായ ആക്രമണമാണ് അന്ന് നടന്നത്. പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമികൾ പാർട്ടി ഓഫീസിൻറെ ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും പാകിസ്താൻറെ ഓഫീസ് എന്ന് എഴുതുകയും ചെയ്തു. അക്രമികൾ ഓഫീസ് പരിസരത്ത് പാകിസ്താൻ വിരുദ്ധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ ഓഫീസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. അക്രമികളിൽ ഒരാൾ ആം ആദ്മി സേന എന്ന തൊപ്പി ധരിച്ചിരുന്നു.

ബായ് വീർസിങ് മാർഗിൽ സ്ഥിതിചെയ്യുന്ന സിപിഐ എം കേന്ദ്രഓഫീസായ എ കെ ജി ഭവൻ മറ്റെല്ലാ രാഷ്ട്രീയപാർടികളുടെയും ഓഫീസുകളിൽനിന്നും തീർത്തും വ്യത്യസ്തമാണ്. ആർക്കും ഏതുസമയവും സ്വതന്ത്രമായി വന്നുപോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുരക്ഷയുടെയും മറ്റും പേരിൽ ഒരു നിയന്ത്രണവും ഇക്കാര്യത്തിൽ വരുത്തിയിട്ടില്ല.എന്നാൽ കോൺഗ്രസിന്റെയും ബിജെപിയുടെയുമൊക്കെ ഓഫീസുകളുടെ അവസ്ഥ ഇതല്ല. അക്ബർ റോഡിലാണ് കോൺഗ്രസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ബിജെപി ഓഫീസാകട്ടെ അശോകാ റോഡിലും. സാധാരണക്കാരനായ ഒരാൾക്ക് ഈ രണ്ട് ഓഫീസുകളിലും പെട്ടെന്ന് കടന്നുചെല്ലാനാകില്ല.പ്രധാനകവാടത്തിലൂടെ നേതാക്കളുടെ വാഹനങ്ങൾക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം. ഗേറ്റിനുപുറത്ത് നിലയുറപ്പിച്ച കാവൽക്കാരൻ മറ്റാര് പ്രവേശനാനുമതി തേടിച്ചെന്നാലും തടയും. സന്ദർശകർക്ക് അകത്തേക്കുപോകാനായി മതിലിന്റെ ഒരുവശത്തായി മറ്റൊരു കവാടമുണ്ട്. തിരിച്ചറിയുന്നതിനുള്ള എന്തെങ്കിലും രേഖ കൈവശമുണ്ടെങ്കിൽമാത്രമേ ഇവിടെയും പ്രവേശനമുണ്ടാകൂ. ദേഹപരിശോധനയും മറ്റും വേറെയുണ്ട്. മാധ്യമപ്രവർത്തകർക്കു പോലും അകത്തുപോകാൻ ദേഹപരിശോധന കൂടിയേ തീരൂ.
നേതാക്കളുടെ സഞ്ചാരത്തിലുമുണ്ട് സിപിഎമ്മും മറ്റു പാർടികളുമായി വ്യത്യാസങ്ങൾ. സോണിയയും അമിത് ഷായും മറ്റും വൻസുരക്ഷാ അകമ്പടിയോടെയാണ് സഞ്ചാരം. അവർ എവിടെ പോയാലും സുരക്ഷയുടെപേരിൽ വലിയൊരു സംഘം അനുഗമിക്കും. എന്നാൽ സിപിഐ എമ്മിന്റെ ജനറൽസെക്രട്ടറി അടക്കമുള്ള നേതാക്കൾ ഒരു അകമ്പടിയുമില്ലാതെ തീർത്തും സ്വതന്ത്രമായാണ് തലസ്ഥാനനഗരിയിലൂടെ സഞ്ചരിക്കുന്നത്.ഇത്തരത്തിൽ സ്വതന്ത്രമായി ആർക്കും പ്രവേശിക്കാവുന്ന ഓഫീസാണ് മിന്നലാക്രമണത്തിലൂടെ തകർക്കാൻ സംഘപരിവാർ ശ്രമിച്ചത്.

പിണറായിയെ മധ്യപ്രദേശിലും മംഗലാപുരത്തും തടയാൻ ശ്രമിക്കുകയും കോടിയേരിയെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന ഭീഷണി മുഴക്കിയും സി.പി.എമ്മിനെ കായീകമായി വരെ വെല്ലുവിളിക്കാൻ സമീപ കാലത്ത് നടന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണവും. യെച്ചൂരിയും എക്കാലവും സംഘപരിവാർ ഹിറ്റ്ലിസ്റ്റിൽ ഉള്ള നേതാവാണ്. കേന്ദ്ര കമ്മറ്റി തിരുവനന്തപുരത്ത് കൂടേണ്ടി വരുമെന്ന് പ്രത്യക്ഷമായും പരോഷമായും ഭീഷണി മുഴക്കുന്നതിന്റെ തുടർച്ച. മധ്യപ്രദേശിൽ പിണറായിയുടെ പരിപാടി നടക്കാതെ പോയപ്പോൾ വിജയം ആഘോഷിച്ച സംഘപരിവാറിനു പക്ഷേ മംഗലാപുരത്ത് വെല്ലുവിളികൾ തൃണവൽഗണിച്ചുകൊണ്ട് പിണറായി പരിപാടിയിൽ പങ്കെടുത്തു മടങ്ങിയപ്പോൾ പക്ഷേ നാണം കെട്ട് മടങ്ങേണ്ടി വന്നു. കോടിയേരിയെ ഡൽഹിയിൽ കാലുകുത്തിക്കില്ല എന്ന യുവമോർച്ചയുടെ വെല്ലുവിളിയും അവഗണിച്ചു കൊണ്ട് നായനാർ അനുസ്മരണത്തിൽ കോടിയേരി ഡൽഹിയിൽ പങ്കെടുത്തു മടങ്ങുകയും ചെയ്തു. വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാട്ടം തുടരുന്നിടത്തോളം കാലം ഈ ആക്രമണങ്ങളും ഭയപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുമെന്ന് സി.പി.എം നേതാക്കൾക്കും അണികൾക്കും അറിയാം…ഗാന്ധിയെ വധിച്ചപ്പോഴും ബാബറി  മസ്ജിദ് പൊളിച്ചപ്പോഴും ഇപ്പോള്‍ ഇന്ത്യയില്‍ അങ്ങിങ്ങായി പശുക്കളുടെ പേരില്‍ ആളുകളെ തച്ചു കൊല്ലുമ്പോഴും സംഘപരിവാറിനു സ്വന്തം പേര് ഉണ്ടായിരുന്നില്ല..എന്തൊക്കെയോ പേരുകള്‍..ഏതൊക്കെയോ രൂപങ്ങള്‍..അതിനിയും ഇത് പോലെ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും…പ്രതിരോധം തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയും ചെയ്യും….